മീനച്ചിലാറ്റിലെ വെള്ളത്തില്‍ ഫീക്കല്‍ കോളിഫോം ബാക്ടീരിയ; അതീവഗുരുതരമെന്ന് മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്

കോട്ടയം: മീനച്ചിലാറ്റിലെ വെള്ളത്തില്‍ ഫീക്കല്‍ കോളിഫോം ബാക്ടീരിയ. പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേര്‍ന്ന ഭാഗങ്ങളില്‍ മീനച്ചിലാറ്റിലെ വെള്ളം ഒരു തരത്തിലും ശുദ്ധീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് കോട്ടയം ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സ്റ്റഡീസ് നടത്തിയ പഠനത്തില്‍ വ്യക്തമായി. ജില്ലയിലെ അൻപതിലധികം കുടിവെള്ള പദ്ധതികളുടെ സ്രോതസായ
മീനച്ചിലാറ്റിലെ വെള്ളത്തില്‍ ഉയര്‍ന്ന അളവില്‍ മനുഷ്യ വിസര്‍ജ്യ സാന്നിദ്ധ്യവും കണ്ടെത്തി.

കൊറോണ വ്യാപനത്തിന് മുമ്പും ശേഷവും നടത്തിയ താരതമ്യ പഠനത്തിലാണ് ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തല്‍. മീനച്ചിലാറ്റിന്റെ ഉത്ഭവ സ്ഥാനമായ അടുക്കം മുതല്‍ ഇല്ലിക്കല്‍ വരെ 10 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ എല്ലാ സാമ്പിളുകളിലും ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി.

മനുഷ്യവിസര്‍ജ്യം പുഴയില്‍ കലരുന്നുണ്ടെന്നു മാത്രമല്ല, അതിന്റെ തോത് തീവ്രവുമാണെന്നാണ് ഇത് തെളിയിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഏഴു സാമ്പിളുകളില്‍ രണ്ടായിരത്തിന് മുകളിലാണ് എഫ്.സി. കൗണ്ട്.

ആറുമാനൂര്‍, നാഗമ്പടം, പുന്നത്തുറ, തിരുവഞ്ചൂര്‍, ഇറഞ്ഞാല്‍, ഇല്ലിക്കല്‍, കിടങ്ങൂര്‍ എന്നിവിടങ്ങളിലാണ് ഫീക്കല്‍ കോളിഫാം ബാക്ടീരിയയുടെ അളവ് കൂടുതലുള്ളത്. കുടിവെള്ളത്തില്‍ ഫീക്കല്‍ കോളിഫോം സാന്നിദ്ധ്യം ഉണ്ടാകരുതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. കോളിഫോം ബാക്ടീരിയയുടെ അളവിന് പുറമേ ജലത്തില്‍ പി. എച്ച്‌.ലെവല്‍ ഉയര്‍ന്നതായും കണ്ടെത്തലുണ്ട്. മീനച്ചിലാര്‍ പരിസരത്ത് വ്യവസായ കേന്ദ്രങ്ങള്‍ കുറവായതിനാല്‍, ജനവാസ കേന്ദ്രങ്ങളില്‍ നിന്നാണ് മാലിന്യങ്ങള്‍ എത്തുന്നതെന്നും ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റിൂട്ട് ഓഫ് ഇക്കോളജിക്കല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. പുന്നന്‍ കുര്യന്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ കാലത്ത് നടത്തിയ പഠനത്തില്‍ മലിനീകരണത്തിന്റെ തോത് വന്‍ തോതില്‍ കുറഞ്ഞിരുന്നു. കൊറോണ കാലത്ത് പാഴ്സല്‍ സാധനങ്ങളുടെ വ്യാപനം കൂടിയതോടെ നിരോധിത ഡിസ്പോസിബിള്‍ വസ്തുക്കള്‍ വന്‍തോതില്‍ മീനച്ചിലാറ്റിലേക്ക് തള്ളുന്നത് കൂടിയിട്ടുണ്ട്.

ഹോട്ടലുകള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും വന്‍തോതില്‍ ആറ്റില്‍ കൊണ്ട് നിക്ഷേപിക്കുന്നുണ്ട്. കോളിഫോം സാന്നിധ്യമുള്ള വെള്ളം ഉപയോഗിച്ചാല്‍ മഞ്ഞപ്പിത്തം, മലേറിയ അടക്കമുള്ള ജലജന്യരോഗങ്ങള്‍ പകരുമെന്നാണ് ആരോഗ്യവിദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. മലിനീകരണം തടയാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കുമുണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.