മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കാനും അധിക്ഷേപിക്കാനും ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കാനും അധിക്ഷേപിക്കാനും ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീകള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ട്. അതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരിശുദ്ധ പ്രണയത്തെ കൊലപാതകത്തില്‍ എത്തിക്കുന്ന സാഹചര്യം ഒഴിവാക്കണം. പാലാ സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ബോധവത്കരണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹരിത വിഷയത്തില്‍ മുസ്ലിം ലീഗിനെ പരോക്ഷമായി മുഖ്യമന്ത്രി വിമര്‍ശിച്ചു. സ്ത്രീവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും മാറിനില്‍ക്കണം. പൊതു സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.