കൊല്ലം: ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട രേഖ എന്ന പേരില്‍ മോന്സണ് മാവുങ്കല്‍ പ്രചരിപ്പിച്ച ചെമ്പോല കുറഞ്ഞ വിലയ്ക്ക് തൃശൂരില്‍ നിന്ന് താന്‍ വാങ്ങിക്കൊടുത്തതാണെന്ന് പുരാവസ്തു കച്ചവടക്കാരന് സന്തോഷ്. ആചാരവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ ചെമ്പോലയില്‍ ഉള്ളതായി അറിയില്ലെന്നും സന്തോഷ് പറഞ്ഞു.
ചെമ്പോല കൈമാറുന്ന ഘട്ടത്തില്‍ ഇതിന് ശബരിമലയുമായി ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടേയില്ല. പിന്നീട് വാര്‍ത്തകളിലൂടെയാണ് ഈ ചെമ്പോലയെ ആചാര അനുഷ്ടാനങ്ങളുമായി ബന്ധപ്പെടുത്തി മോന്സന് പ്രചരിപ്പിച്ച കാര്യം അറിഞ്ഞതെന്നും സന്തോഷ് അവകാശപ്പെടുന്നു.
ചെമ്പോലയുടെ ആധികാരികതയെ കുറിച്ച് അന്വേഷണം നടന്നാല്‍ സഹകരിക്കുമെന്നും സന്തോഷ് പറഞ്ഞു. ശബരിമലയിലെ ആചാര അനുഷ്ടാനങ്ങള്‍ നടത്താന്‍ ചീരപ്പന്‍ ചിറ കുടുംബത്തെ അവകാശപ്പെടുത്തിയുള്ള പന്തളം രാജകൊട്ടാരത്തിന്റെ ഉത്തരവ് എന്ന പേരിലാണ് ശബരിമല വിവാദ കാലത്ത് മോന്സന് മാവുങ്കല്‍ ചെമ്പോല പ്രചരിപ്പിച്ചത്.