ഇടുക്കിയിൽ ജ്വല്ലറി ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ ആറു ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റിൽ

ഇടുക്കി: ജ്വല്ലറി ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ ആറു ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റിൽ. ഈട്ടിത്തോപ്പ് എടപ്പാട്ട് മനീഷ് (35) നെയാണ് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌ മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അപഹരിച്ച പണവും കണ്ടെടുത്തു.

സെപ്റ്റംബർ 30-ന് രാത്രിയിലാണ് സംഭവം. പഴയ സ്വര്‍ണം കുറഞ്ഞ വിലക്ക് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ സിജോയെ മുന്‍കൂട്ടി പറഞ്ഞുറപ്പിച്ച ഈട്ടിതോപ്പിലെ ഒരു സ്ഥലത്ത് ആറു ലക്ഷം രൂപയുമായി എത്തിച്ചു. ഇവിടെവച്ച്‌ സ്വര്‍ണ്ണാഭരണത്തിന്റെ കാര്യത്തില്‍ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും മനീഷ് കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് സിജോയെ കുത്തി പരിക്കേല്‍പ്പിച്ചശേഷം കൈയില്‍ ഉണ്ടായിരുന്ന ആറു ലക്ഷം രൂപ കവര്‍ന്നെടുക്കുകയുമായിരുന്നു.

സംഭവശേഷം ഒളിവില്‍ പോയ മനീഷിനെ ഇന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തങ്കമണി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അജിത്ത്, എസ് .ഐ. അഗസ്റ്റിന്‍ എ.എസ്‌ഐ. ജോസഫ്, ,രവീന്ദ്രന്‍ സന്തോഷ് , സി.പി. വിനോദ് , രാജേഷ് , ലിജോ വനിതാ പൊലീസ് രഞ്ജിത എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.