മോന്‍സന്റെ ആഡംബര കാറുകള്‍ പുരാവസ്തുക്കള്‍; എട്ട് വാഹനങ്ങളില്‍ മോന്‍സന്റെ പേരിലുള്ളത് ഒന്ന് മാത്രം

കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ കോടികള്‍ തട്ടിയ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര വാഹനങ്ങള്‍ ഉപയോഗശൂന്യമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഇവയെല്ലാം വ്യാജമാണെന്നും എട്ട് വാഹനങ്ങളില്‍ ഒന്ന് മാത്രമാണ് മോന്‍സന്റെ പേരിലുള്ളതെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. മോന്‍സന്റെ ചേര്‍ത്തലയിലെ വീട്ടിലും കൊച്ചിയിലെ മ്യൂസിയത്തില്‍ നിന്നുമായി മുപ്പതിലധികം ആഡംബര വാഹനങ്ങളാണ് കണ്ടെത്തിയത്.

ഒരു വാഹനത്തിന്റെ ഒഴികെ ബാക്കി വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ എല്ലാം വ്യാജമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കാറുകളുടെ രജിസട്രേഷന്‍ നമ്പറുകളും ഗതാഗത വകുപ്പിന്റെ വെബ്‌സൈറ്റിലില്ലെന്നും കണ്ടെത്തി. മറ്റ് കാറുകള്‍ രൂപം മാറ്റി എടുത്തതാണോയെന്നും സംശയിക്കുന്നുണ്ട്. മോന്‍സന്‍ പതിവായി ഉപയോഗിച്ചിരുന്ന ദോഡ് ജെ ഗ്രാന്‍ഡിന്റെ രജിസ്‌ട്രേഷന്‍ 2019 ല്‍ അവസാനിച്ചതാണ്.

ഹരിയാന രജിസ്ട്രേഷനിലുള്ള ഈ വാഹനത്തിന് വര്‍ഷങ്ങളായി ഇന്‍ഷുറന്‍സും അടച്ചിരുന്നില്ല. ലെക്‌സസ്, റെയ്ഞ്ച് റോവര്‍, ടൊയോട്ട എസ്റ്റിമ എന്നിവയുടെ വിവരങ്ങള്‍ ഗതാഗത വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഇല്ല. ഇവയില്‍ ഘടിപ്പിച്ചിരിക്കുന്നത് വ്യാജ നമ്പര്‍ പ്ലേറ്റാണ്. യഥാര്‍ത്ഥ രജിസ്ട്രേഷന്‍ അറിയാന്‍ ചേസസ് നമ്പറും എന്‍ജിന്‍ നമ്പറും പരിശോധിക്കാന്‍ തയ്യാറെടുക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

രാജ്യത്തെ പ്രമുഖ വാഹന ഡിസൈനര്‍ ആയ ദീപക് ചാബ്രിയ രൂപകല്‍പന ചെയ്ത ഫെറാറി ലോഗോ പതിപ്പിച്ച കാറും കലൂരില്‍ ഉണ്ട്. മഹാരാഷ്ട്രയില്‍ നിന്നും കൊണ്ടുവന്ന ഈ വാഹനത്തിന് രജിസ്‌ട്രേഷന്‍ അനുമതിയില്ല. എന്നിട്ടും എങ്ങനെയിത് മോന്‍സന് ലഭ്യമായി എന്നുമുള്ള ചോദ്യം ഉയരുന്നുണ്ട്.

ഹരിയാന രജിസ്ട്രേഷനിലുള്ള പോഷോ കാര്‍ യഥാര്‍ത്ഥ പോഷോ അല്ല. രൂപമാറ്റം വരുത്തി പോഷോ ലോഗോ പതിപ്പിച്ചതാണെന്ന് കണ്ടെത്തി. ഡിപ്ലോമാറ്റിക് വാഹനമാണെന്ന് മോന്‍സണ്‍ അവകാശപ്പെട്ടിരുന്ന ലിമോസിന്‍ കാര്‍, മേഴ്‌സിഡസിന് നീളം കൂട്ടിയതാണ്.

ചേര്‍ത്തലയിലെ വീട്ടിലെ ആഡംബര ശേഖരങ്ങളില്‍ ബോളിവുഡ് നടി കരീന കപൂര്‍ ഉപയോഗിച്ച കാറും ഉണ്ട്. എം എച്ച് രണ്ട് എ വൈ 4593 നമ്പറിലുള്ള മഹാരാഷ്ട്ര രജിസ്‌ടേഷന്‍ പോഷോ കാര്‍ ഇപ്പോള്‍ ചേര്‍ത്തല സ്റ്റേഷനിലാണ്. ഈ കാറും ആഡംബര കാരവനും ഉള്‍പ്പെടെ 20 വാഹനങ്ങള്‍ മോര്‍സന്‍ ആലപ്പുഴയിലെ മറ്റൊരു ഗ്രൂപ്പിന് വാടകയ്ക്ക് കൊടുത്തിരുന്നു. എന്നാല്‍ പിന്നീട് വാടക തര്‍ക്കത്തെ തുടര്‍ന്ന് കേസായതോടെ 2020 ഒക്ടോബര്‍ മുതല്‍ കാറുകള്‍ സ്റ്റേഷന്‍ വളപ്പിലാണ്. ഇവയില്‍ പലതും വെള്ളപ്പൊക്കത്തില്‍ കേടുപാട് പറ്റിയതിനാല്‍ നിസാരവിലയ്ക്ക് മോന്‍സന്‍ തരപ്പെടുത്തിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

അതോടൊപ്പം മോന്‍സന്റെ പക്കലുള്ള താളിയോലകള്‍ ഉള്‍പ്പടെയുള്ളവയും വ്യാജമാണെന്ന് കണ്ടെത്തി. സിനിമാ ചിത്രീകരണത്തിനുപയോഗിക്കുന്ന താളിയോലകളാണെന്നാണ് സംശയം. പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിലാണ് താളിയോല ശേഖരം വ്യാജമാണെന്ന് കണ്ടെത്തിയത്.