കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് അന്വേഷണം. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് അന്വേഷണം. പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായതോടെതെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് നിലപാട്.
ഈ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണത്തിന് അനുമതി തേടി സര്‍ക്കാരിന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് സൂചന. കെ കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ടും കണ്ണൂര്‍ ഡി സി സി ഓഫീസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടും സാമ്പത്തിക തിരിമറികള്‍ നടത്തിയെന്നാണ് പ്രശാന്ത് ബാബു ആരോപിച്ചത്. പ്രശാന്ത് ബാബു തന്നെ വിജിലന്‍സിന് പരാതിയും നല്‍കിയിരുന്നു.
2010ല്‍ കെ കരുണാകരന്റെ മരണശേഷമാണ് കെ സുധാകരന്‍ ചെയര്‍മാനായി കെ കരുണാകരന്‍ സ്മാരക ട്രസ്റ്റ് രൂപവത്കരിച്ചത്. ചിറക്കല്‍ കോവിലകത്തിന്റെ ഉടമസ്ഥതയിലായിരുന്ന രാജാസ് ഹയര്‍സെക്കണ്ടറി, യുപി സ്‌ക്കൂളുകള്‍, ഏഴ് ഏക്കര്‍ സ്ഥലം തുടങ്ങിയവ 16 കോടി രൂപക്ക് വാങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോടികള്‍ സമാഹരിച്ച ശേഷം സുധാകരന്‍ തന്നെ ചെയര്‍മാനായി കണ്ണൂര്‍ എജ്യൂപാര്‍ക്ക് എന്ന സ്വകാര്യ കമ്പനി രൂപവത്കരിച്ചിരുന്നു.
ഈ കമ്പനിയുടെ പേരില്‍ സ്‌കൂള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ ഇടപാടില്‍നിന്ന് കോവിലകം മാനേജ്‌മെന്റ് പിന്മാറുകയായിരുന്നു. സ്‌കൂള്‍ പിന്നീട് ചിറക്കല്‍ സര്‍വിസ് സഹകരണ ബാങ്ക് വാങ്ങി. ഇടപാട് നടന്നില്ലെങ്കിലും പിരിച്ചെടുത്ത പണം പലര്‍ക്കും ഇനിയും തിരിച്ചുകൊടുത്തില്ലെന്നാണ് പ്രശാന്ത് ബാബു വിജിലന്‍സിന് നല്‍കിയ പരാതി.