സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിലെ 961 അദ്ധ്യാപകർ അയോഗ്യരെന്ന് സിഏജി കണ്ടെത്തൽ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌തിട്ടുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ 961 അധ്യാപകർ അയോഗ്യരാണെന്ന് സിഎജിയുടെ കണ്ടെത്തൽ. ഇതു സംബന്ധിച്ച് സർക്കാരിനും സാങ്കേതിക സർവകലാശാലയ്ക്കും റിപ്പോർട്ട് നൽകി. അയോഗ്യരായ അധ്യാപകരെ ഉന്നത ശ്രേണികളിൽ നിയമിക്കുക വഴി സംസ്ഥാനത്തെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെയും പരീക്ഷകളുടെ ഉത്തര കടലാസ് മൂല്യനിർണ്ണയത്തിന്റെയും ഗുണനിലവാരം തകർന്നതായ ആക്ഷേപം വ്യാപകമാവുകയാണ്.

സിഎജി റിപ്പോർട്ടിനെ തുടർന്ന് സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ നിയമിതാരായിട്ടുള്ള അധ്യാപകരുടെ യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾ സാങ്കേതിക സർവകലാശാല രജിസ്ട്രാർ എല്ലാ കോളേജ് പ്രിൻസിപ്പൽമാരോടും രേഖമൂലം ആവശ്യപ്പെട്ടിരിക്കുകയാണ്.

സർക്കാർ ഉടമയിലുൾപ്പടെയുള്ള സ്വശ്രയ കോളേജുകളിൽ നിയമിക്കുന്ന അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ യോഗ്യതകൾ സർവകലാശാല പരി ശോധിക്കാത്തത് കൊണ്ട് യോഗ്യതയില്ലാത്ത നിരവധിപേർ കോ ളേജുകളിൽ തുടരുന്നുണ്ട്.

AICTE, 2019 ൽ പുറത്തിറക്കിയ മാനദണ്ഡങ്ങൾ മറികടന്ന്, സർക്കാരിന്റെ തലപ്പത്ത് സമ്മർദ്ദം ചെലുത്തിയാണ്
യോഗ്യതകളിൽ കുറവ് വരുത്തി നിരവധി അധ്യാപകർ പ്രമോഷൻ തസ്തികകൾ നേടിയെടുത്തിട്ടുള്ളത്. അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസ്സർ, പ്രിൻസിപ്പൽ എന്നീ തസ്തി കകളുടെ യോഗ്യത മാനദണ്ഡങ്ങളിലാണ് സർക്കാർ ഇളവ് അനുവദിച്ചത്. സംസ്ഥാന സർക്കാരുകൾക്ക് യോഗ്യതകളിൽ ഇളവ് അനുവദിക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതി ചൂണ്ടികാട്ടിയിട്ടുണ്ട്.

സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിൽ 93,എയ്ഡഡ് കോളേജുകളിൽ 49, സർക്കാർ നിയന്ത്രിത സ്വശ്രയ കോളേജിൽ 69, സ്വാശ്രയ കോളേജുകളിൽ 750 അയോഗ്യരായ അധ്യാപകരെയാണ് മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിച്ചിരിക്കുന്നതായി സി.എ.ജി കണ്ടെത്തിയിട്ടുള്ളത്.

സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത സ്വശ്രയ കോളേജുകൾ എന്നിവിടങ്ങളിലെ അധ്യാപകർ ചട്ട വിരുദ്ധ പ്രമോഷൻ തസ്തികകളിലൂടെ ഭീമമായ തുക ഇതിനകം ശമ്പളമായി കൈപ്പറ്റിയ തായും അറിയുന്നു.

അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ അധ്യാപകരുടെ യോഗ്യതകൾ സംബന്ധിച്ച വ്യക്തത വരുത്തേണ്ടത് സർവകലാശാലകളുടെ അധികാര പരിധിയിൽ പെട്ടതാണെങ്കിലും സാങ്കേതിക സർവ്വകലാശാല ഇക്കാര്യങ്ങളൊന്നും പരിശോധനക്ക് വിധേയമാക്കാത്തതും,യോഗ്യതയില്ലാത്തവരെ ഉത്തരകടലാസ് പരിശോധകരായി നിയമിക്കുക വഴി എൻജിനീയറിങ് വിദ്യാർത്ഥികൾ കൂട്ടത്തോടെ പരാജയപ്പെടുന്നതും സർവകലാശാലയുടെ കാര്യ പ്രാപ്തികുറവ് കൊണ്ടാണെന്ന ആക്ഷേപം ശക്തമാണ്.