സഹജീവികൾക്ക് സ്വാതന്ത്ര്യത്തിന് വഴിതുറന്നു; പത്തു വർഷത്തിന് ശേഷം തത്തമ്മ വനത്തിലേക്ക് ചിറകടിച്ചു

ചാലക്കുടി: പത്തു വര്‍ഷത്തോളം കൂട്ടിലായിരുന്ന തത്ത ഒടുവില്‍ പുറം ലോകത്തേയ്ക്ക് പറന്നത് അവളുടെ സഹജീവികള്‍ക്കു കൂടി സ്വതന്ത്രമായി വിഹരിക്കാന്‍ വഴി തുറന്ന്. വനപാലകരുടെ നടപടി, കോടതിയുടെ ഇടപെടല്‍ എന്നിവയടക്കം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ,പെണ്‍തത്ത അകമലയിലെ ഫോറസ്റ്റ് വെറ്ററിനറി കേന്ദ്രത്തില്‍ നിന്നാണ് വാനത്തേയ്ക്ക് ചിറകടിച്ചത്.

മുളങ്കാടുകളും മറ്റും തിങ്ങി നിറഞ്ഞ പ്രദേശത്ത് ചുറ്റിത്തിരിയുന്ന പെണ്‍ തത്ത ഇടയ്ക്കിടെ തീറ്റക്കായി വനപാലകര്‍ നേരത്തെ പാര്‍പ്പിച്ചിരുന്ന കൂടിനടുത്ത് എത്തുന്നുണ്ട്. കൂടിന്റെ മുകളില്‍ വയ്ക്കുന്ന ഭക്ഷണം അകത്താക്കി വിശപ്പും മാറ്റുന്നു. ഏതാനും ദിവസം ഈ പ്രവണത തുടരുമെന്നും പിന്നീട് ഇത് കാട്ടിലേക്ക് പോകുമെന്നും അകമലയിലെ വെറ്ററിനറി അധികൃതര്‍ പറഞ്ഞു.

ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പത്തു വയസിലേറെ പ്രായമുള്ള മോതിരത്തത്ത വിഭാഗത്തില്‍പ്പെട്ട ഇതിനെ ശുശ്രൂഷിച്ച്‌ ശേഷം പറത്തി വിടുന്നതിന് അകമലയിലെത്തിച്ചത്. മൂന്നു ദിവസം നിരീക്ഷിച്ചെങ്കിലും അസുഖങ്ങള്‍ ഇല്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് പുറത്തേയ്ക്ക് വിട്ടത്.

മാളപുത്തന്‍ചിറയിലെ ഒരു വീട്ടുകാര്‍ പത്തു വര്‍ഷമായി കൂട്ടിലാക്കി വളര്‍ത്തിയ തത്തയാണിത്. വന്യജീവിയെ നിയമ വിരുദ്ധമായി വളര്‍ത്തുവെന്ന അയല്‍വാസിയുടെ പരാതി ഇവര്‍ക്ക് വിനയായി. വനം വകുപ്പിന്റെ വിജിലന്‍സ് വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ അധികൃതര്‍ കൂടടക്കം കസ്റ്റഡിയില്‍ എടുത്ത തത്തയെ സാധാരണ നിലയില്‍ പറത്തി വിടാനായില്ല. സംഭവത്തില്‍ കേസെടുത്ത ഇവര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതോടെ പക്ഷികളെ കൂട്ടിലാക്കി വളര്‍ത്തുന്ന ആളുകളെല്ലാം അങ്കലാപ്പിലായി.

ഇതിനകം പലരും തത്തകള്‍ അടക്കമുള്ള പക്ഷികളെ സ്വയം പറത്തി വിട്ടെന്നാണ് വിവരം. നാടോടികളുടെ പക്കല്‍ നിന്നും നൂറും അധില്‍ കൂടുതലും തത്തകളെ പിടികൂടി സംരക്ഷിക്കുകയും പിന്നീട് പറത്തി വിടുകയും ചെയ്ത സംഭവങ്ങള്‍ അകമലയിലെ കേന്ദ്രത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇവിടെ കോടതി വിധിയിലൂടെ ദൗത്യം നിര്‍വഹിച്ചത് ഇതാദ്യമാണ്.