മോന്‍സന്റെ പുരാവസ്തു ശേഖരത്തിലെ ശബരിമലയും പന്തളം രാജകുടുംബവുമായി ബന്ധപ്പെട്ട വ്യാജ ചെമ്പോല ; വിവാദങ്ങൾ വീണ്ടും; മോന്‍സന്റെ വീട്ടില്‍ പോയിരുന്നതായി രാഹുല്‍ ഈശ്വര്‍

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിൽ ശബരിമലയും പന്തളം രാജകുടുംബവുമായും ബന്ധപ്പെട്ട ചെമ്പോലകള്‍ കൈയ്യിലുണ്ടെന്ന വ്യാജ പ്രചാരണത്തിന് എതിരേ പ്രതിഷേധം. ഇതറിയാൻ മോൻസൻ്റെ വീട് സന്ദര്‍ശിച്ചിട്ടുള്ളതായി രാഹുല്‍ ഈശ്വര്‍.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കേസിന് ഉപകരിക്കുന്ന എന്തെങ്കിലും പഴയ രേഖകള്‍ കിട്ടുമോ എന്ന് കരുതിയാണ് മോന്‍സന്റെ വീട് സന്ദര്‍ശിച്ചതെന്നും രാഹുല്‍ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോലകള്‍ തന്റെ കൈയ്യിലുണ്ടെന്ന് പറഞ്ഞ മോന്‍സന്‍ ചില സൃഹൃത്തുക്കള്‍ വഴിയാണ് ബന്ധപ്പെട്ടതെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. എന്നാല്‍ മോന്‍സന്‍ കാണിച്ച തകിടുകളില്‍ സംശയം തോന്നി രാഹുല്‍ അത് അപ്പോള്‍ തന്നെ പറഞ്ഞിരുന്നതായും പറയുന്നു.

”അദ്ദേഹത്തിന്റെ കൈയ്യില്‍ ഒരു ചെമ്പോലയുണ്ടെന്നും അതിന് 350 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും പറഞ്ഞാണ് സിനിമാ മേഖലയിലുള്ളവര്‍ വഴി എന്നെ ബന്ധപ്പെട്ടത്. 2017 ലോ 18 ലോ ആണ് പോയത്. അന്ന് കേരളത്തിലെ രണ്ട് പ്രമുഖ മാധ്യമങ്ങള്‍ മോന്‍സന്റെ വീട്ടിലെ മ്യൂസിയം സംബന്ധിച്ച് വാര്‍ത്തയും ചെയ്തിരുന്നു,”- രാഹുല്‍ പറഞ്ഞു.

അതേസമയം ശബരിമല സ്ത്രീ പ്രവേശന സമര കാലത്ത് പന്തളം രാജാവിന്റെ ചെമ്പോല തിട്ടൂരമെന്ന പ്രചാരണം ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.കൊല്ലവർഷം 843 ൽ ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളും ആരാധനകളും നടപ്പാക്കാൻ അധികാരമുള്ള കുടുംബങ്ങളെയും സമുദായങ്ങളെയും തീർച്ചപ്പെടുത്തി പന്തളം രാജാവ് പുറപ്പെടുവിച്ച ചെമ്പ് തകിടിൽ പ്രാചീന കോലെഴുത്ത് മലയാള അക്ഷരങ്ങൾ കൊത്തിയെഴുതിയ രാജമുദ്രയുള്ള ചെമ്പോല തിട്ടൂരമെന്നായിരുന്നു പ്രചാരണം.

ശബരിമല സമരം കൊടുമ്പിരി കൊള്ളുന്ന കാലത്താണ് ഒരു ചാനലിൽ ഈ പുരാതന ചെമ്പോല തിട്ടൂരം കഷ്ടപ്പെട്ട് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. ഇതിലെല്ലാം ഒരു പോലെ ആവർത്തിച്ചു പറഞ്ഞ ഒന്നുണ്ടായിരുന്നു.
“കലൂർ സ്വദേശി ഡോ. മോൻസൺ മാവുങ്കലിന്റെ സ്വകാര്യ പുരാവസ്തു ശേഖരത്തിലാണ് ഈ രേഖയുള്ളത്.”

ശബരിമല ക്ഷേത്രത്തിൽ ബ്രാഹ്മണർക്ക് യാതൊരു അധികാര അവകാശങ്ങളും ഇല്ലെന്ന് പറയുന്ന ഈ തിട്ടൂരം അക്കാലത്ത് വലിയ വാർത്ത ആയിരുന്നു. ശബരിമല ക്ഷേത്രത്തെ സംബന്ധിക്കുന്ന ഏറ്റവും ആധികാരികവും ഏറ്റവും പഴക്കമുള്ളതുമായ രേഖയാണത് എന്നായിരുന്നു ചാനൽ റിപ്പോർട്ടർ അവകാശപ്പെട്ടത്.

തുടർന്ന് ഈ റിപ്പോർട്ടർ തന്നെ രാഘവവാര്യർ എന്നൊരു കോലെഴുത്ത് പണ്ഡിതനെ കണ്ടു പിടിച്ച് അദ്ദേഹത്തെ കൊണ്ട് ചെമ്പ് തിട്ടൂരം വായിപ്പിക്കുന്നു.തിട്ടൂര പ്രകാരം മകരവിളക്ക് ആഘോഷം നടത്താൻ പന്തളം രാജാവ് അധികാരം കൊടുത്തിരിക്കുന്നത് മലയരയ വിഭാഗക്കാർക്ക് ആണെന്നും പൂജയും വെടി വഴിപാടും ഉൾപ്പെടെയുള്ള മറ്റ് ആചരണങ്ങൾ നടത്താൻ അധികാരപ്പെടുത്തിയിരിക്കുന്നത് ഈഴവ സമുദായക്കാരായ ചീരപ്പഞ്ചിറ കുടുംബത്തെ ആണെന്നും ക്ഷേത്രത്തിൽ ബ്രാഹ്മണ സമുദായത്തിന് യാതൊരു വിധ അധികാരാവകാശങ്ങളും ഇല്ലെന്നും വാര്യർ വ്യക്തമാക്കുന്നു.

രാജ തിട്ടൂരം ഇങ്ങനെയാണെന്നിരിക്കെ താഴ്മൺ മഠം എന്ന തന്ത്രി കുടുംബം എങ്ങനെയാണ് ശബരിമലയിൽ സുപ്രധാന സ്ഥാനത്ത് എത്തിയത് എന്നത് തീർത്തും ദുരൂഹമെന്നാണ് ചാനൽ റിപ്പോർട്ട് ചെയ്തിരുന്നത്.
തുടർന്ന് മറ്റു ചില മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു.

‘ശബരിമല ദ്രാവിഡ ആരാധനാ കേന്ദ്രം; 350 വർഷം പഴക്കമുള്ള രേഖ തെളിവ്’ എന്നാണ് ചില മാധ്യമങ്ങൾ ഇത് കൊടുത്തത്. ദ്രാവിഡ ആരാധനാ പദ്ധതികളെ ബലമായി പിടിച്ചെടുത്ത് സ്വന്തമാക്കിയ ബ്രാഹ്മണാധിനിവേശത്തെ പറ്റി പലരും പ്രബന്ധങ്ങൾ രചിച്ചു. ചാനൽ ചർച്ചകളിലും സംവാദങ്ങളിലും ഒക്കെ പലരും ആധികാരിക രേഖയായി ആ ചെമ്പോല തിട്ടൂരമാണ് ഉയർത്തി കാട്ടിയിരുന്നത്.

ജാതി വർഗ്ഗ വർണ്ണ ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാനായി ഒറ്റക്കെട്ടായി സംഘടിച്ച ഹിന്ദുവിനെ ജാതീയമായി ഭിന്നിപ്പിക്കാനും, അയ്യപ്പൻ്റെ പേരിൽ കേരളത്തിൽ സംഭവിച്ച ഹിന്ദു ഐക്യത്തെയും ജാഗരണത്തെയും തകർത്തു കളയാനും,ഒരേ ലക്ഷ്യത്തിനായി ഒന്നിച്ച് മുന്നേറാൻ തയ്യാറായ ഒരു സമാജത്തെ തമ്മിലടിപ്പിച്ചു വിഘടിപ്പിക്കാനും,ഹിന്ദുവിനെ ഈഴവനെന്നും ബ്രാഹ്മണനെന്നും മലയരയനെന്നും നായരെന്നും പറഞ്ഞ് പരസ്പരം പിരിച്ച് അവർക്കിടയിൽ സ്പർദ്ധ പടർത്താനുമായി ബോധപൂർവ്വം കൃത്രിമമായി നിർമിച്ചെടുത്ത ഒരു വ്യാജ രേഖയായിരുന്നു ഇതെന്ന് എന്ന് ഇപ്പോൾ പല കേന്ദ്രങ്ങളും വ്യക്തമാക്കുന്നു.

ചാനൽ റിപ്പോർട്ടർമാർ തെറ്റായ വാർത്തകൾ കൊടുക്കുന്നത് കേരളത്തിൽ ആദ്യമൊന്നുമല്ല.
പക്ഷെ തെറ്റായ വാർത്ത കൊടുക്കാൻ വേണ്ടി ചാനൽ റിപ്പോർട്ടർമാർ സ്വന്തമായി വ്യാജ പുരാതന രേഖകൾ നിർമ്മിക്കുന്നത് കേട്ട് കേൾവി പോലുമില്ലാത്തതാണെന്നുംചെമ്പോല തിട്ടൂരത്തിന്റെ യഥാർത്ഥ സത്യം പറയാതെ വ്യാജ ആരോപണം ഉന്നയിച്ചവർക്ക് ഒഴിയാനാവില്ലെന്ന്‌
അഡ്വ. ശങ്കു ടി ദാസ് അടക്കമുള്ളവർ പറയുന്നു.