പുരാവസ്തു തട്ടിപ്പ് കേസ്; മോന്‍സൺ മാവുങ്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: കേരളത്തെയാകെ ഞെട്ടിച്ച വസന്‍ തട്ടിപ്പിന്‍റെ വിവരങ്ങളാണ് മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്നത്.
തട്ടിപ്പിന്‍റെ പുതിയ വിവരങ്ങള്‍ പുറത്തുവന്നതോടെ ക്രൈംബ്രാഞ്ചിന് പിന്നാലെ മോന്‍സൺ മാവുങ്കലിനെതിരെ അന്വേഷണം നടത്താന്‍ വിവിധ വകുപ്പുകള്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ക്രൈംബ്രാഞ്ചും വനം വകുപ്പും മോട്ടോര്‍ വാഹന വകുപ്പും ഇന്നലെ സംയുക്തമായി മോന്‍സന്‍റെ കൊച്ചിയിലെ വാടക വീട്ടില്‍ പരിശോധന നടത്തിയിരുന്നു.

ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് യഥാര്‍ഥ ആനക്കൊമ്പല്ലെന്ന് വനം വകുപ്പ് നടത്തിയ പരിശോധനയില്‍ തിരിച്ചറിഞ്ഞിരുന്നു. മോന്‍സണെ നേരിട്ട് ചോദ്യം ചെയ്യാനായി ക്രൈം ബ്രാഞ്ച് മേധാവി ശ്രീജിത്ത് കൊച്ചിയിലെത്തിയിട്ടുണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ ഇന്ന് വൈകിട്ട് നാലരയോടെ മോന്‍സനെ കോടതിയില്‍ ഹാജരാക്കും.

ഇതിനിടെ പരാതിക്കാരുടെ മൊഴിയെടുക്കുന്നത് ക്രൈംബ്രാഞ്ച് തുടരുകയാണ്. കെ സുധാകരനെ നിരവധി തവണ മോന്‍സന്‍റെ വീട്ടില്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ താന്‍ പണം കൈമാറുമ്പോള്‍ സുധാകരനെ കണ്ടിട്ടില്ലെന്നുമാണ് പരാതിക്കാരനായ രാജീവ് പറയുന്നത്. കെ സുധാകരനെ മാത്രമല്ല മറ്റ് രാഷ്ടീയ പാര്‍ടി നേതാക്കളേയും മോന്‍സന്‍റെ വീട്ടില്‍ കണ്ടിട്ടുണ്ടെന്ന് പരാതിക്കാരന്‍ രാജീവ് അറിയിച്ചു.