കെപിസിസി പ്രസിഡന്റിനെ സ്ലോട്ട് വച്ച് കാണേണ്ട ഗതികേട് വന്നിട്ടില്ല ; സുധാകരനെതിരെ തുറന്നടിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്ന കെസുധാകരന്റെ പരാമര്‍ശത്തിനെതിരെയാണ് മുല്ലപ്പള്ളി ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. ഏതെങ്കിലും കെപിസിസി പ്രസിഡന്റിനെ സ്ലോട്ട്‌വച്ചു കാണേണ്ട ഗതികേട് ഉണ്ടായിട്ടില്ലെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

കഴിഞ്ഞ 50 വര്‍ഷമായിട്ട് ഏതെങ്കിലും കെപിസിസി അധ്യക്ഷനെ അനുവദിച്ച സമയത്ത് പോയി കാണേണ്ട ഗതികേട് തനിക്ക് ഉണ്ടായിട്ടില്ല. ഊഴം വച്ച് കാണേണ്ടി വന്നാല്‍ അങ്ങനെ കെപിസിസി പ്രസിഡന്റിനെ കാണുന്ന അവസാനത്തെ ആളായിരിക്കും താനെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. മുല്ലപ്പള്ളിക്കും സുധീരനും 20 മിനിറ്റ് സമയം അനുവദിച്ച് നല്‍കിയെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.

ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല എന്ന പരാതി ആര്‍ക്കെങ്കിലും ഉണ്ടായതായി ഇത്രകാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ അറിയില്ല. മുതിര്‍ന്ന നേതാക്കളെ ചൂണ്ടി മുല്ലപ്പള്ളി പറഞ്ഞു. ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ല എന്ന സുധാകരന്റെ വാദം അിസ്ഥാനരഹിതമാണ്.

എല്ലാവരും അംഗീകരിക്കുന്ന നേതാവാണ് വി എം സുധീരന്‍. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ മുഖവിലക്കെടുക്കാതെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന്റെ മാത്രമല്ല എല്ലാ മുതിര്‍ന്ന നേതാക്കളുടേയും അഭിപ്രായം ഉള്‍ക്കൊള്ളണം.

കണ്ടുവെന്ന് പറയുന്നതിലല്ല കാര്യം അത് ഹൃദ്യമായിരിക്കണണെന്നും മുല്ലപ്പള്ളി പറഞ്ഞു. സംഘടനയില്‍ അച്ചടക്കം അനിവാര്യമാണ്. അതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാകാനിടയില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.