അനുനയനീക്കവുമായി ഹൈക്കമാന്‍ഡ് ; ആരെയും ഇരുട്ടിൽ നിർത്തരുത്, ഒറ്റക്കെട്ടായി മുന്നോട്ട് പോകണം; സാഹചര്യമൊരുക്കേണ്ടത് എഐസിസിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: പുനസംഘടനക്ക് പിന്നാലെ പൊട്ടിത്തെറി രൂക്ഷമായ കോണ്‍ഗ്രസില്‍ അനുനയനീക്കവുമായി ഹൈക്കമാന്‍ഡ്. വിഎം സുധീരന് പിന്നാലെ രമേശ് ചെന്നിത്തലയുമായും എഐസിസി പ്രതിനിധി താരീഖ് അന്‍വര്‍ ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും അതിനുള്ള സാഹചര്യം ഒരുക്കാന്‍ എഐസിസി മുന്‍കൈയ്യെടുക്കണമെന്നും ചര്‍ച്ചയ്ക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

ആരെയും ഇരുട്ടില്‍ നിര്‍ത്തുന്നത് ശരിയല്ല. മുതിര്‍ന്ന നേതാക്കളായ വിഎം സുധീരനുമായും മുല്ലപ്പള്ളി രാമചന്ദ്രനുമായും ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ വിഎം സുധീരനെ അനുനയിപ്പിക്കാനുള്ള ഹൈക്കമാന്‍ഡ് നീക്കവും പാളി. എഐസിസി ജനറല്‍ സെക്രട്ടരി താരിഖ് അന്‍വര്‍ വീട്ടിലെത്തി ചര്‍ച്ച നടത്തിയിട്ടും രാജി പിന്‍വലിക്കില്ലെന്ന് സുധീരന്‍ വ്യക്തമാക്കി.

പുതിയ കെപിസിസി നേതൃത്വത്തിന് തെറ്റായ ശൈലിയാണെന്നും സുധീരന്‍ പ്രതികരിച്ചു. ഇന്നലെ താരിഖ് അന്‍വര്‍ സുധീരനെ കാണാനിരുന്നതാണ്. എന്നാല്‍ സതീശന്‍റെ അനുനയം പാളിയതോടെ കെപിസിസി നേതൃത്വം ഇടപെട്ട് കൂടിക്കാഴ്ച മാറ്റിയെന്നാണ് വിവരം.

ഒടുവില്‍ സ്ഥിതി രൂക്ഷമാകുന്നത് വിലയിരുത്തി സംസ്ഥാന നേതൃത്വത്തിന്‍റെ എതിര്‍പ്പ് മറികടന്നാണ് താരിഖ് അന്‍വര്‍ സമവായ ചര്‍ച്ചക്കിറങ്ങിയത്. സംസ്ഥാനത്തെ രൂക്ഷമായ പ്രതിസന്ധിയെ കുറിച്ച്‌ താരിഖ് അൻവര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. പ്രശ്ന പരിഹാരത്തിനുള്ള ഡെൽഹിയിൽ നിന്നുള്ള ഇടപെടലാണ് വിമര്‍ശനം ഉന്നയിച്ചവര്‍ കാത്തിരിക്കുന്നത്.