മദ്യലഹരിയിൽ ആംബുലൻസ് ഓടിക്കാനെത്തിയ സർക്കാർ ആശുപത്രിയിലെ ഡ്രൈവറെ സസ്പെൻഡു ചെയ്തു

ചേർത്തല: മദ്യലഹരിയിൽ ആംബുലൻസ് ഓടിക്കാനെത്തിയ തുറവൂർ ഗവൺമെൻ്റ് ആശുപത്രിയിലെ ഡ്രൈവറെ സസ്പെൻഡുചെയ്തു. കഴിഞ്ഞദിവസം രാത്രി ആശുപത്രിയിലായിരുന്നു സംഭവം. അത്യാഹിതത്തിൽ ചികിത്സതേടിയെത്തിയ രോഗിയെ വിദഗ്ധചികിത്സയ്ക്കായി മറ്റൊരു അശുപത്രിയിലേക്കു മാറ്റാൻ ഡോക്ടർ നിർദേശിച്ചു. ആശുപത്രിയിലെ

ആംബുലൻസിൽ രോഗിയെ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പട്ടണക്കാട് സ്വദേശിയായ ഡ്രൈവർ മദ്യപിച്ചതായി ബന്ധുക്കൾക്കു സംശയംതോന്നിയത്. ഇത് ചോദ്യംചെയ്ത ബന്ധുക്കളുമായി ഡ്രൈവർ തർക്കത്തിലേർപ്പെട്ടു. പോലീസിനെ വിളിക്കുമെന്ന ഘട്ടമെത്തിയപ്പോൾ ഡ്രൈവർ കടന്നുകളയുകയായിരുന്നു.

പിന്നീട് മറ്റൊരു ആംബുലൻസ് വിളിച്ചാണ് രോഗിയെ കൊണ്ടുപോയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രൈവറെ സസ്പെൻഡുചെയ്തതായി മെഡിക്കൽ ഓഫീസർ ആർ. റൂബി അറിയിച്ചു. ഇത്തരം സംഭവങ്ങൾ പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കാറുണ്ട്.