കൊറോണ മരണം; ധനസഹായം അനുവദിച്ചുള്ള സർക്കാർ ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: കേരളത്തിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ ഉറ്റവർക്ക് ധനസഹായം അനുവദിച്ചുള്ള സർക്കാർ ഉത്തരവ് ഇറങ്ങി. 50,000 രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് നൽകാനാണ് തീരുമാനം. രാജ്യത്ത് ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത് മുതൽ കൊറോണ ദുരന്തമായി പ്രഖ്യാപിച്ച് ഉത്തരവ് പിൻവലിക്കുന്നത് വരെയുള്ള മരണങ്ങൾക്ക് ധനസഹായം ബാധകമാണ്.

കൊറോണ കാരണം മരിച്ചവരുടെ കുടുംബങ്ങൾക്ക് അന്‍പതിനായിരം രൂപ നഷ്ടപരിഹാരം നൽകുമെന്നും നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തിയതായും കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കൊറോണ ബാധിച്ച് 30 ദിവസത്തിൽ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

ഈ തീരുമാനത്തിന് അനുസരിച്ചാണ് കേരളവും ധനസഹായം നൽകി തുടങ്ങിയത്. കൊറോണ ബാധിച്ച് 30 ദിവസത്തിനുള്ളിലുള്ള എല്ലാ മരണവും കൊറോണ മരണമായി കണക്കാക്കാം എന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. പുതിയ മാർഗ്ഗനിർദ്ദേശം വരുന്നതിനു മുമ്പുള്ള മരണസർട്ടിഫിക്കറ്റ് പുതുക്കി നൽകും. മരണ സർട്ടിഫിക്കറ്റ് കിട്ടാത്തവർക്ക് കമ്മിറ്റിയെ സമീപിക്കാം.

അതേസമയം കേരളത്തിൽ കൊറോണ മരണം സംബന്ധിച്ച് അന്തിമ തീരുമാനത്തിനായി സംസ്ഥാനതലത്തിലേക്ക് കൈമാറിയ മരണ പട്ടികയിൽ ഇതുവരെ അന്തിമ തീരുമാനമായില്ല. മരണപട്ടികയിൽ വിവാദമുയർന്നതോടെ നൽകിയ പട്ടികയാണിത്. കൊറോണ മരണ പട്ടിക സമഗ്രമായി പുതുക്കാൻ ജില്ലാതലത്തിൽ സമിതികളുടെ രൂപീകരണം ഉടൻ പൂർത്തിയാകുമെന്നാണ് അധികൃതർ അറിയിക്കുന്നത്.