തിരുവനന്തപുരം: കർഷകസംഘടനകളുടെ ഭാരതബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഹർത്താൽ തുടങ്ങി. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഹർത്താൽ പൂർണമാണെന്നാണ് ആദ്യ റിപ്പോർട്ടകൾ. രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ വൈകിട്ട് ആറുവരെയാണ്. എൽഡിഎഫും യുഡിഎഫും ദേശീയ പണിമുടക്കിനും ഹർത്താലിനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പാൽ, പത്രം, ആംബുലൻസ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യസർവീസുകൾ എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വാഹനങ്ങൾ നിർത്തിയിട്ടും വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ അടച്ചിട്ടും ഹർത്താൽ വിജയിപ്പിക്കണമെന്ന് സമരസമിതി അഭ്യർഥിച്ചു. ഹർത്താലിനോട് സഹകരിക്കണമെന്ന് എൽഡിഎഫ്. കൺവീനർ എ. വിജയരാഘവൻ അഭ്യർഥിച്ചു.
ഹർത്താലിനോടനുബന്ധിച്ച് കെഎസ്ആർടിസിയുടെ സാധാരണസർവീസുകൾ ഓടുന്നില്ല. ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാനപാതയിൽ പരിമിതമായ ലോക്കൽ സർവീസുകൾ പോലീസ് അകമ്പടിയോടെ മാത്രം അയക്കുന്നുണ്ട്.
വൈകീട്ട് ആറുമണിക്കുശേഷം ദീർഘദൂരം ഉൾപ്പെടെ എല്ലാ സർവീസുകളും ആരംഭിക്കും. യാത്രക്കാരുടെ തിരക്കുണ്ടെങ്കിൽ അധിക ദീർഘദൂര സർവീസുകൾ ഏർപ്പെടുത്തുമെന്ന് സി.എം.ഡി. അറിയിച്ചു.