കോഴിക്കോട്: ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ നേവിസിന്റെ ഹൃദയം സ്വീകരിച്ച പ്രേംചന്ദ് (59) പുതു ജീവിതത്തിലേക്ക്. ആലുവ രാജഗിരി ആശുപത്രിയില്‍ മസ്‌തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവാതൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ നേവിസിന്‍റെ (25) ഹൃദയമാണ് കണ്ണൂര്‍ സ്വദേശിയായ പ്രേംചന്ദിന് മാറ്റിവെച്ചത്.
ആലുവയില്‍ നിന്നും ശനിയാഴ്ച റോഡ് മാര്‍ഗം ആംബുലന്‍സില്‍ പൊലീസ് എസ്കോര്‍ട്ടോടുകൂടി മൂന്നുമണിക്കൂര്‍ അഞ്ചു മിനിറ്റു കൊണ്ട് ഹൃദയം കോഴിക്കോട്ട് എത്തിക്കുവാന്‍ കഴിഞ്ഞത് ശസ്ത്രക്രിയയുടെ വിജയത്തിന് കാരണമായി.
മെട്രോമെഡ് ഇന്‍റര്‍നാഷനല്‍ കാര്‍ഡിയാക് സെന്‍ററില്‍ ശനിയാഴ്ച രാത്രിയാണ് ശസ്ത്രക്രിയ നടന്നത്. ഹ്യദയം സ്വീകരിച്ച പ്രേംചന്ദിൻ്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് മാനേജിങ് ഡയറക്ടറും ചീഫ് കാര്‍ഡിയോളജിസ്റ്റുമായ മുഹമ്മദ് മുസ്തഫ അറിയിച്ചു. രോഗിയുടെ ശരീരത്തില്‍ പുതിയ ഹൃദയം പ്രവര്‍ത്തനം ആരംഭിക്കുകയും ബോധം തിരിച്ചുകിട്ടുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. കാര്‍ഡിയോ തൊറാസിക് സര്‍ജറി ഡയറക്ടറും ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ പ്രഫ. ഡോ. വി. നന്ദകുമാര്‍, ഡോ. അശോക് ജയരാജ്, ഡോ. ലക്ഷ്മി, ഡോ. വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നിര്‍വഹിച്ചത്.
ഫ്രാന്‍സില്‍ അക്കൗണ്ടിങ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കൊറോണ കാരണം വീട്ടില്‍ ഓണ്‍ലൈനിലായിരുന്നു പഠനം. സെപ്റ്റംബര്‍ 16നാണ് നേവിസിനെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മസ്തിഷ്ക മരണം സ്ഥിരീകരിച്ച നേവിസിന്‍റെ ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, കണ്ണുകള്‍ എന്നിവയും ദാനം ചെയ്തിട്ടുണ്ട്. സാജന്‍ മാത്യുവും ഷെറിനുമാണ് നേവിസിന്‍റെ മാതാപിതാക്കള്‍.