കണ്ണൂരിൽ വന്‍ തീപിടിത്തം; ഉദ്ഘാടനം ചെയ്യാനിരുന്ന 5 മുറികൾ കത്തിനശിച്ചു; 50 ലക്ഷത്തിന്റെ നഷ്ടം

കണ്ണൂര്‍: താണയില്‍ വന്‍ തീപിടിത്തം. ദേശീയ പാതയില്‍ പൂട്ടിയിട്ട രണ്ട് കടകളിലാണ് തീപിടിത്തം ഉണ്ടായത്. പണി പൂർത്തിയായി ഉദ്ഘാടനം ചെയ്യാനിരുന്ന ബാരല്ല കിച്ചൻ എന്ന ഹോം അപ്ലയന്‍സിന്റെ 5 മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർ ഫോഴ്‌സ് തീ അണച്ചു. ആളപായം ഇല്ല.

വൈകീട്ട് നാല് മണിക്കാണ് കണ്ണൂര്‍ നഗരത്തിൽ ടിവിഎസ് ഗോഡൗണിന്റെ മുകളിലുള്ള കടയിലാണ് തീപിടിത്തം ഉണ്ടായത്. കടയില്‍ പണിക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ഹോം അപ്ലൈൻസ് സ്ഥാപനം തുടങ്ങാനിരുന്ന ഈ മുറികളുടെ ഇന്റീറിയർ ജോലികളടക്കം കഴിഞ്ഞ ദിവസമായിരുന്നു പൂർത്തിയാക്കിയത്. സമീപത്ത് ഉണ്ടായിരുന്ന പൂട്ടിയിട്ടിരുന്ന രണ്ട് കടകളിലേക്കും തീപടർന്നു പിടിച്ചു. കടകൾക്ക് ഉള്ളിൽ സാധനങ്ങളില്ലായിരുന്നത് വലിയ ദുരന്തമാണ് ഒഴിവായത്.

തീപിടിത്തിത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കണ്ണൂരില്‍ നിന്ന് മൂന്ന് ഫയര്‍ എന്‍ജിന്‍ എത്തി തീയണച്ചു. 50 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായാണ് കണക്കുകള്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.