ഗുരുമന്ദിരത്തിൽ വിളക്കുതെളിക്കാൻ പോയ എസ്എൻഡിപി ശാഖായോഗം സെക്രട്ടറിയെ കാണാതായി

ആലപ്പുഴ: ഗുരുമന്ദിരത്തിൽ വിളക്കുതെളിക്കാൻ വള്ളത്തിൽ പോയ എസ്എൻഡിപി ശാഖായോഗം സെക്രട്ടറിയെ കാണാതായി. വൈശ്യംഭാഗം 3466-ാം നമ്പർ എസ്എൻഡിപി ശാഖായോഗം സെക്രട്ടറി അഞ്ചിൽ വീട്ടിൽ അപ്പുക്കുട്ടനെയാണ് (62) കാണാതായത്.

പൂക്കൈതയാറിനു കുറുകെ വള്ളത്തിൽ പോയാണ് അപ്പുക്കുട്ടൻ മന്ദിരത്തിൽ വിളക്കു തെളിക്കാറുണ്ടായിരുന്നത്. വ്യാഴാഴ്ച വൈകീട്ടും പതിവുതെറ്റാതെ ഇദ്ദേഹം ചെറുവള്ളത്തിൽ ആറുകടന്നെത്തി മന്ദിരത്തിൽ വിളക്കുതെളിച്ചു. വൈകുന്നേരം ഏഴരയോടെ ഇദ്ദേഹം സഞ്ചരിച്ചിരുന്ന വള്ളം ആളില്ലാതെ ആറ്റിൽ ഒഴുകിനടക്കുന്നതു കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു.

നെടുമുടി പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വള്ളത്തിൽനിന്ന്‌ അപ്പുക്കുട്ടൻ സെക്രട്ടറിയായിരുന്ന ശാഖാമന്ദിരത്തിന്റെ താക്കോൽ, ചെരിപ്പ്, കുട എന്നിവ കണ്ടെടുത്തു.