കാനം രാജേന്ദ്രനെതിരെ അച്ചടക്ക നടപടി വേണമെന്ന് സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടിവ്

തൊടുപുഴ: സിപിഐ അഖിലേന്ത്യ സെക്രട്ടറി ഡി. രാജയ്ക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ച കാനം രാജേന്ദ്രനെതിരെ അച്ചടക്ക നടപടി വേണമെന്ന് സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടിവ്. കാനം രാജേന്ദ്രന്റെ വിമർശനം പാർട്ടി ചട്ടക്കൂടിനുള്ളിൽ നിന്നല്ലെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. ഇടുക്കിയിൽ ചേർന്ന യോഗത്തിലാണ് സംസ്ഥാന സെക്രട്ടറിക്കെതിരെ ജില്ലാ നേതൃത്വം രംഗത്തെത്തിയത്.

മുൻപ് ഇതേ തരത്തിൽ പാർട്ടി പത്രത്തിനെതിരെ പരസ്യ വിമർശനം നടത്തിയ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനെ സംസ്ഥാന കമ്മിറ്റി പരസ്യമായി ശാസിച്ചിരുന്നു. വിമർശനങ്ങൾ പാർട്ടി ഘടകത്തിലാണു പറയേണ്ടതെന്നും പരസ്യ വിമർശനം പാടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമനെ ശാസിച്ച അതേ ത്രാസിൽ അളന്നാൽ കാനം ചെയ്തതും ഇതേ കുറ്റം തന്നെയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടറിക്കെതിരെ നടപടി വേണമെന്നും ഇടുക്കി പൈനാവിൽ ചേർന്ന ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി കമ്മിറ്റിയിൽ ആവശ്യം ഉയർന്നു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.