മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തി വനമേഖലയിൽ കാട്ടാനകൾ ഏറ്റുമുട്ടി. പരിക്കേറ്റ 20 വയസ്സുള്ള പിടിയാന ചരിഞ്ഞു. സമീപ ഗ്രാമമായ ഇന്ദിരാനഗർ നിവാസികളായ ചിലർ ഉൾക്കാട്ടിലാണ് ആനയുടെ ജഡം കണ്ടത്.
ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് മറയൂർ റെയ്ഞ്ച് ഓഫീസർ എം.ജി.വിനോദ് കുമാറിനെ വിവരം അറിയിച്ചു. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർമാരായ ഡോ.നിഷ റെയ്ച്ചൽ, ഡോ.അനുമോദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ജഡപരിശോധനയിലാണ് ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റതായി കണ്ടെത്തി.
കാട്ടാനകൾ കുത്തുകൂടിയതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് ആന ചരിയുന്നതിന് കാരണമായത് എന്ന് ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തിയതായി റെയ്ഞ്ച് ഓഫീസർ എം.ജി.വിനോദ് കുമാർ പറഞ്ഞു. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ എസ്.ഇന്ദ്രജിത്തിൻ്റെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചു.