തൃക്കാക്കരയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തില്ല; എല്‍ഡിഎഫിന് തിരിച്ചടി

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്തില്ല. ക്വാറം തികയാത്തതിനാല്‍ പ്രമേയം ചര്‍ച്ച ചെയ്യാതെ തള്ളി. പ്രതിപക്ഷമായ എല്‍ ഡി എഫ് അംഗങ്ങളും ഒരു സ്വതന്ത്രനും ഉള്‍പ്പെടെ 17 പേര്‍ മാത്രമാണ് പ്രമേയ ചര്‍ച്ചയ്ക്ക് എത്തിയത്. 43 അംഗ കൗണ്‍സിലില്‍ ക്വാറം തികയണമെങ്കില്‍ കുറഞ്ഞത് 22 പേരെങ്കിലും ആവശ്യമാണെന്നിരിക്കെയാണ് പ്രമേയം തള്ളിയത്.

21 യു ഡി എഫ് അംഗങ്ങളും 4 സ്വതന്ത്രരും ഉള്‍പ്പടെ 25 പേര്‍ ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിട്ടു നിന്നു. ഇതോടെ പ്രസിഡന്റ് അജിതാ തങ്കപ്പനെതിരെ എല്‍ഡിഎഫ് നടത്തിയ നീക്കം പരാജയപ്പെട്ടു. പ്രതിപക്ഷത്തു നിന്നും 18 പേര്‍ കൗണ്‍സില്‍ ഹാളില്‍ എത്തിയിരുന്നു.

അതേസമയം തൃക്കാക്കരയില്‍ നഗരസഭാ ചെയര്‍പേഴ്‌സണെ മാറ്റിയില്ലെങ്കില്‍ ആറുമാസത്തിനകം വീണ്ടും അവിശ്വാസം കൊണ്ടുവരുമെന്ന പ്രതിപക്ഷ നേതാവ് ചന്ദ്രബാബു പറഞ്ഞു. എന്നാല്‍ ജനാധിപത്യ രീതിയില്‍ തന്നെയാണ് പ്രതികരിച്ചതെന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാരും പറയുന്നു.

ഓണത്തിന് പണക്കിഴി കൗണ്‍സിലര്‍മാര്‍ക്കു നല്‍കിയെന്ന ആരോപണത്തോടെയാണ് തൃക്കാക്കരയില്‍ വിവാദം തുടങ്ങിയത്. ഇതു സംബന്ധിച്ച അന്വേഷണം ഇപ്പോഴും തുടരുകയാണ്.