സ്കൂളുകളിൽ ബയോബബിൾ അടിസ്ഥാനത്തിൽ ക്ലാസുകൾ ഒരുക്കും; സ്കൂൾ തുറക്കലിന് സമ്പൂർണ റിപ്പോർട്ട് തയ്യാറാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സ്കൂളുകളില്‍ ഓണ്‍ലൈന്‍, ഓഫ്‍ലൈന്‍ ക്ലാസുകളായിരിക്കും ഉണ്ടാവുക. ബയോ ബബിള്‍ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കായിരിക്കും റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ചുമതല ഇതുസംബന്ധിച്ച ചുമതല. മറ്റ് വകുപ്പുകളുമായി കൂടിയാലോചന നടത്തിയായിരിക്കും റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
തദ്ദേശസ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ടികള്‍, അദ്ധ്യാപക – രക്ഷകര്‍തൃ സമിതികള്‍, വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍ തുടങ്ങി എല്ലാ വിഭാഗവുമായും ചര്‍ച്ച ചെയ്യും.

കുട്ടികള്‍ക്ക് യാതൊരു ബുദ്ധിമുട്ടില്ലാതെ സുരക്ഷ ഒരുക്കും. കുട്ടികളുടെ യാത്രാസൗകര്യം, ക്ലാസ് മുറികളിലെ സുരക്ഷ, ഉച്ചഭക്ഷണ വിതരണം, ക്ലാസ് ഷെഡ്യൂള്‍, ടോയ്‌ലെറ്റുകള്‍ ഉപയോഗിക്കുന്ന രീതി, ഒരേസമയം എത്ര കുട്ടികള്‍ വരെയാകാം, കുട്ടികളുടെ കുടുംബാംഗങ്ങളുടെയും അദ്ധ്യാപകരുടെയും വാക്‌സിനേഷന്‍ തുടങ്ങി കാര്യങ്ങളടക്കം യോഗത്തില്‍ ചര്‍ച്ച ചെയ്തു.