രണ്ടാം ഡോസ് കൊറോണ വാക്സീൻ; കിറ്റക്സിന് 28 ദിവസത്തെ ഇടവേള നിശ്ചയിച്ചതിനെതിരെ കേന്ദ്രസർക്കാരിൻ്റെ അപ്പീൽ

കൊച്ചി: കിറ്റക്സ് ഗ്രൂപ്പ് ജീവനക്കാര്‍ക്ക് കൊവീഷില്‍ഡ് വാക്സീൻ്റെ രണ്ടാം ഡോസ് 28 ദിവസത്തെ ഇടവേളയില്‍ നല്‍കാന്‍ അനുമതി നല്‍കിയ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ നല്‍കി. സിംഗിള്‍ ബ‌ഞ്ച് ഉത്തരവ് റദ്ദാക്കമെന്ന് അപ്പീലില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. കേന്ദ്ര വാക്സീൻ പോളീസിക്ക് വിരുദ്ധമാണ് ഹൈക്കോടതിയുടെ വിധിയെന്ന് അപ്പീലില്‍ കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു.

കൊവീഷില്‍ഡ് വാക്സീൻ്റെ 12 ആഴ്ചത്തെ ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയ പഠനത്തിന് ശേഷമാണ്. ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം 12 ആഴ്ച മുതല്‍ 16 ആഴ്ചവരെ ഇടവേള വേണമെന്നാണ് പഠനം. 28 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് വാക്സീന്‍ സ്വീകരിക്കുന്നത് ഫലപ്രദമോ ശാസ്ത്രീയവുമല്ലെന്നും കേന്ദ്രസര്‍ക്കാരിൻ്റെ അപ്പീലില്‍ വ്യക്തമാക്കുന്നു.

സര്‍ക്കാറിന്‍റെ നയപരമായതീരുമാനമുണ്ടാവേണ്ട ഈ വിഷയത്തില്‍ കോടതിക്ക് ഇടപെടാനാകില്ല. കോടതികളുടെ ഇടപെടല്‍ വാക്സീന്‍ നയത്തിന്‍റെ പാളം തെറ്റിക്കും. കൃത്യമായ ഇടവേളയില്ലാതെ കൂടുതല്‍ ഡോസ് വാക്സീന്‍ നല്‍കുന്നത് ഫലപ്രദമല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ലോകാരോഗ്യ സംഘടനകളുടെ അടക്കം മാര്‍‍ഗനിര്‍ദ്ദേശം അടിസ്ഥാനമാക്കിയാണ് വാക്സീന്‍ പോളിസി നിശ്ചയിച്ചതെന്നും അപ്പീലില്‍ ഹൈക്കോടതി വ്യക്തമാക്കുന്നു. കൊവിഷീല്‍ഡിൻ്റെ രണ്ടാം ഡോസ് വാക്സീന്‍ എടുക്കാന്‍ ഇടവേളയിലെ ഇളവിനായി കേന്ദ്രത്തെ കിറ്റക്സ് കമ്പനി സമീപിക്കാത്തതിനേയും കേന്ദ്രസര്‍ക്കാര്‍ വിമര്‍ശിച്ചു.