തിരുവനന്തപുരം: കെ റെയില്‍ പദ്ധതി അപ്രായോഗികമെന്ന് യുഡിഫ് ഉപസമിതി. പരിസ്ഥിതിക്ക് വന്‍ ദോഷം ഉണ്ടാക്കുന്ന അതിവേഗ റെയില്‍ പാത കേരളത്തെ നെടുകെ മുറിക്കും. പദ്ധതി സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും എം കെ മുനീര്‍ സമിതി യുഡിഫ് നേതൃത്വത്തിനു റിപ്പോര്‍ട്ട് നല്കി. റിപ്പോര്‍ട്ട് വ്യാഴാഴ്ച ചേരുന്ന യുഡിഫ് യോഗം ചര്‍ച്ച ചെയ്യും.റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാരിൻ്റെ സ്വപ്ന പദ്ധതിക്കെതിരെ യുഡിഎഫ് പ്രത്യക്ഷ സമരം കടുപ്പിക്കും.
കെ റെയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കുതികുതിക്കുമ്പോഴാണ് പദ്ധതിക്ക് യുഡിഎഫ് ഉപസമിതിയുടെ ചുവപ്പ് സിഗ്നല്‍. ഒരു കാലത്തും ലാഭത്തിലെത്താത്ത സംസ്ഥാനത്തിന് വന്‍ബാധ്യതയും കേരളത്തിന്റെ പരിസ്ഥിതിയെ തകര്‍ക്കുന്നതുമായ പദ്ധതി എന്നാണ് കെ റെയിലിനുള്ള യു ഡി എഫ് ഉപസമിതി വിശേഷണം. അതിവേഗം പായാന്‍ നിരപ്പായ സ്ഥലത്ത് നാലു മീറ്ററും ചതുപ്പില്‍ പത്ത് മീറ്റര്‍ ഉയരത്തിലും മണ്ണിട്ട് നിരത്തിയുള്ള പാളം നിര്‍മ്മാണം കേരളത്തെ കീറിമുറിക്കും. നദികളുടെ ഒഴുക്കിന് തടയിടും. 63000 കോടി ചെലവ് എന്ന് പറയുമ്പോഴും നീതി ആയോഗ് കണക്കില്‍ ചെലവ് ഒന്നേകാല്‍ ലക്ഷം കോടിയിലേറെ വരും.
ഇത്രയേറെ ചെലവില്‍ ഉണ്ടാക്കുന്ന പാളങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആയതിനാല്‍ മറ്റ് ട്രെയിനുകള്‍ക്കൊന്നും ഓടാനുമാകില്ല. നിലവിലെ റെയില്‍വെ പാതകളുടെ നവീകരണവും ചുരുങ്ങിയ ചെലവില്‍ വിമാനത്താവളങ്ങള്‍ ബന്ധിപ്പിച്ചുള്ള വിമാനസര്‍വ്വീസും ഉപസമിതി മുന്നോട്ട് വെക്കുന്ന ബദലാണ്.
സ്ഥലമേറ്റെടുക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം നിലനില്‍ക്കെയാണ് യുഡിഎഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് വരുന്നത്. പാരിസ്ഥിതിക പഠനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ ഏജന്‍സിയെ വെച്ചിരുന്നു. പാരിസ്ഥിതിക പഠനം തന്നെ വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ ട്രിബ്യൂണലില്‍ അറിയിച്ചതിന്റെ ആശ്വാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
ഉപസമിതി റിപ്പോര്‍ട്ടില്‍ വ്യാഴാഴ്ച ചേരുന്ന യുഡിഎഫ് യോഗം അന്തിമതീരുമാനമെടുക്കും. റിപ്പോര്‍ട്ട് അതേ പടി അംഗീകരിച്ച് എതിര്‍ക്കാനുള്ള രാഷ്ട്രീയ തീരുമാനമെടുത്താല്‍ വികസന വിരോധികള്‍ എന്ന വിമര്‍ശനം ഉയരുമോ എന്ന ആലോചന മുന്നണി നേതൃത്വത്തിനുണ്ട്.