കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ ബിടെക് വിദ്യാർത്ഥികളെ അധിക മാർക്ക് നല്കി ജയിപ്പിക്കാനുള്ള ഉത്തരവ് വൈസ് ചാന്‍സലർ പിന്‍വലിച്ചു. ഉത്തരവ് നടപ്പാക്കില്ലെന്നും അടുത്ത വർഷം കൂടി പരീക്ഷയെഴുതാന്‍ വിദ്യാർത്ഥികൾക്ക് അവസരമുണ്ടെന്നും വൈസ് ചാന്‍സലർ എംകെ ജയരാജ് അറിയിച്ചു.
ഉത്തരവിനെതിരെ സേവ് യൂണിവേഴ്സിറ്റ് ഫോറം ഗവർണർക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. 2014 ബാച്ചിലെ ഇരുന്നൂറോളം ബിടെക് വിദ്യാർത്ഥികൾക്ക് 20 മാർക്ക് വരെ അധികം നല്കി ജയപ്പിക്കാനായിരുന്നു വൈസ് ചാന്‍സലറുടെ ഉത്തരവ്.
കേരളത്തിലെ മറ്റു സർവ്വകലാശാലകൾ ഒരു വിഷയത്തിന് തോറ്റവർക്ക് പോലും സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷകൾ നടത്തുമ്പോഴാണ് കാലിക്കറ്റ് സർവകലാശാലയില്‍ തോറ്റ വിദ്യാർത്ഥികളെ മാർക്ക് നൽകി ജയിപ്പിക്കാന്‍ ശ്രമിച്ചത്.
എം ജി സർവകലാശാല ബിടെക് പരീക്ഷയിൽ തോറ്റവരെ ജയിപ്പിക്കാൻ മന്ത്രിയുടെ അദാലത്തിലൂടെ അഞ്ചു മാർക്ക് ദാനമായി നൽകിയത് വിവാദമായിരുന്നു. ഇതെ തുടർന്ന് ഗവർണറുടെ നിർദ്ദേശപ്രകാരം അധിക മാർക്ക് റദ്ദാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് 20 മാർക്ക്വരെ ദാനമായി നൽകികൊണ്ട് കാലിക്കറ്റ് വിസി ഉത്തരവിട്ടത്.
യൂണിവേഴ്സിറ്റി നിയമപ്രകാരം,വിസി ക്കോ അക്കാദമിക് കൗൺസിലിനോ സിണ്ടിക്കേറ്റിനോ മോഡറേഷൻ മാർക്ക് കൂട്ടി നൽകാൻ അധികാരമില്ലെന്നിരിക്കെയായിരുന്നു സിൻഡിക്കേറ്റ് അംഗങ്ങളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി വി സി യുടെ തീരുമാനം. അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിൽ ഉത്തരവിടാൻ വിസി യിൽ നിക്ഷിപ്തമായിട്ടുള്ള പ്രത്യേകഅധികാരമുപയോഗിച്ചാണ് മാർക്ക് ദാനം നടത്തിയതെന്നാണ് ആരോപണം ഉയർന്നത്.
സർവകലാശാല ചട്ടപ്രകാരം നിയമിക്കപെടുന്ന പരീക്ഷ ബോർഡിന് മാത്രമേ മോഡറേഷൻ മാർക്ക് നിശ്ചയിക്കാൻ അധികാരമുള്ളൂ. പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ മോഡറേഷനിൽ മാറ്റം വരുത്താനോ പരീക്ഷഫലം മാറ്റാനോ ആർക്കും അധികാരമില്ല. ഫലം പ്രസിദ്ധീകരിക്കുന്നതോടെ ബന്ധപ്പെട്ട ബോർഡിൻ്റെ ചുമതലകളും അവസാനിക്കും.