വണ്ടിപ്പെരിയാര്‍ ബലാത്സംഗ കൊലപാതക കേസ്; 65 സാക്ഷികള്‍; 250 പേരുടെ മൊഴി അടങ്ങിയ കുറ്റപത്രം സമര്‍പ്പിച്ചു

തൊടുപുഴ: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 65 സാക്ഷികളും 250 പേരുടെ മൊഴിയും അടങ്ങിയ മുന്നൂറോളം പേജുള്ള കുറ്റപത്രം തൊടുപുഴ പോക്സോ കോടതിയിലാണ് സമര്‍പ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത് 78 ദിവസത്തിനുള്ളിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും സ്വാഭാവിക ജാമ്യം കിട്ടാതിരിക്കുന്നതിനും വേണ്ടിയാണ് കുറ്റപത്രം നേരത്തെ സമർപ്പിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ജൂൺ 30 നാണ് ആറ് വയസ്സുകാരിയെ ലയത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതി മൂന്ന് വർഷമായി പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

പെൺകുട്ടിയുടെ കുടുംബവുമായി നല്ല ബന്ധം ഉണ്ടായിരുന്ന അർജുന്, അവരുടെ വീട്ടിൽ ഏത് സമയവും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇത്‌ മുതലെടുത്താണ് അർജുൻ കുട്ടിയെ പീഡിപ്പിച്ചത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. പ്രതി അർജുൻ അശ്ലീല വീഡിയോകൾക്ക് അടിമയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവം നടന്ന ദിവസം കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയും, ബോധരഹിതയായപ്പോൾ ഷാളിൽ കെട്ടി തൂക്കുകയുമായിരുന്നു. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി കുഞ്ഞ് മരിച്ചെന്നാണ് വീട്ടുകാരും നാട്ടുകാരും ആദ്യം കരുതിയത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ കൊലപാതകമെന്ന് തെളിയുകയായിരുന്നു.