തിരുവോണം ബംപർ ലോട്ടറി; യഥാർഥ ഭാഗ്യവാൻ ജയപാലൻ ലോട്ടറി ബാങ്കിൽ സമർപ്പിച്ചു; ലോട്ടറി അടിച്ചെന്ന അവകാശവാദവുമായി വാർത്തകളിൽ നിറഞ്ഞ് സെയ്തലവി

കൊച്ചി: തിരുവോണം ബംപർ ലോട്ടറി അടിച്ചെന്ന അവകാശവാദവുമായി ദുബായിലെ ഹോട്ടൽ ജീവനക്കാരനായ സെയ്തലവി വാർത്തകളിൽ നിറഞ്ഞപ്പോൾ യഥാർഥ ഭാഗ്യവാൻ തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ ലോട്ടറി ടിക്കറ്റ് ബാങ്കിൽ കൈമാറി. ഇതോടെ ബംപർ ലോട്ടറിയെ ചൊല്ലിയുള്ള സസ്പെൻസിന് വിരാമം. തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെയാണ് ഒടുവിൽ കണ്ടെത്തിയത്. തൃപ്പൂണിത്തുറ മരട് സ്വദേശിയായ ജയപാലൻ ഓട്ടോ ഡ്രൈവറാണ്. ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്.

നേരത്തെ ഓണം ബംപർ ആയ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി പ്രവാസിയായ സെയ്തലവി രംഗത്തെത്തിയിരുന്നു. ടിക്കറ്റെടുത്തത് സുഹൃത്ത് വഴിയാണെന്നായിരുന്നു സെയ്തലവിയുടെ അവകാശവാദം. മണിക്കൂറുകള്‍ നീണ്ട സസ്പെന്‍സുകള്‍ക്ക് ഒടുവിലാണ് തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യവാനെ കണ്ടെത്തിയത്.

ഇന്നലെ തന്നെ തന്റെ കൈയിലെ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് അറിഞ്ഞിരുന്നു. ഇന്ന് രാവിലെ പത്രത്തില്‍ നോക്കി ഉറപ്പാക്കി. പിന്നാലെ ബാങ്കില്‍ ടിക്കറ്റ് സമര്‍പ്പിക്കുകയായിരുന്നു. സമ്മാന തുക ഉപയോഗിച്ച് കടങ്ങള്‍ തീര്‍ക്കും. വര്‍ഷങ്ങളായുള്ള അതിര് തര്‍ക്കത്തിന് പരിഹാരം ഉണ്ടാക്കുമെന്നും ജയപാലന്‍ പറഞ്ഞു.

മക്കളെ നല്ലനിലയില്‍ എത്തിക്കാന്‍ പണം വിനിയോഗിക്കും. ബന്ധുക്കളെ സഹായിക്കും. 32 വര്‍ഷമായി ഓട്ടോറിക്ഷ ഓടിക്കുന്നു. ഫാന്‍സി നമ്പര്‍ കണ്ടിട്ടാണ് ടിക്കറ്റ് എടുത്തത്. സ്ഥിരമായി ടിക്കറ്റ് എടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.