സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്സീനേഷൻ 90 ശതമാനം കടന്നു; രണ്ടാം തരംഗം തീവ്രത അതിജീവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്സീനേഷന്‍ 90 ശതമാനം കഴിഞ്ഞുവെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ്. വാക്സീൻ എടുക്കുന്നതില്‍ ആരും വിമുഖത കാട്ടരുത്. രണ്ടാം തരംഗത്തിന്റെ തീവ്രത കടന്നുവെന്നും പ്രോട്ടോകോള്‍ നന്നായി പാലിക്കണമെന്നും മന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജനങ്ങള്‍ സാമൂഹിക കൂടിച്ചേരലുകള്‍ ഒഴിവാക്കണം. പൊതുപരിപാടികള്‍ നിയന്ത്രണങ്ങളോടെ മാത്രമേ നടത്താവൂ. ഡെങ്കിപ്പനി 2 പുതിയ വകഭേദമല്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ തീവ്രത കൂടിയ രോഗമാണ് ഡെങ്കിപ്പനി 2. കൊറോണ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും തമ്മില്‍ കൂടിയാലോചന നടത്തുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനകള്‍ കൂട്ടിയെന്ന് പറഞ്ഞ മന്ത്രി, സിറോ സര്‍വെയ്‌ലന്‍സ് പഠനം ഈ മാസാവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചു. സംസ്ഥാനത്ത് ടിപിആര്‍ ഒഴിവാക്കിയത് വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്നും, 80 ശതമാനം പേര്‍ക്കും കൊറോണയ്ക്കെതിരായ ഒന്നാം ഡോസ് വാക്സീനേഷന്‍ പൂര്‍ത്തിയായത് കൊണ്ടാണിതെന്നും അവര്‍ പറഞ്ഞു.