മേരിയുടെ കുവൈറ്റിലെ യാത്രാ വിലക്ക് നീങ്ങി; മക്കളുടെ അന്ത്യയാത്രക്കായി വേദനയോടെ ആലപ്പുഴയ്ക്ക്

കുവൈറ്റ് : കുടുംബം പോറ്റാൻ കുവൈറ്റിൽ ഹോം നഴ്സായി ജോലി ചെയ്യുന്ന മാതാവ് മേരി ഷൈൻ പ്രിയ മക്കളുടെ അന്ത്യയാത്രക്കായി നാളെ ജന്മനാടായ ആലപ്പുഴയ്ക്ക് തിരിക്കും. മാരാരിക്കുളം തെക്ക്‌ പഞ്ചായത്ത്‌ ഓമനപുഴ നാലുതൈക്കൽ നെപ്പോളിയൻ, മേരി ഷൈൻ ദമ്പതികളുടെ മക്കളായ അഭിജിത്‌ ( 11) അനഘ (10) എന്നിവർ കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണു ഓമനപ്പുഴ ഓടപ്പൊഴിയിൽ മുങ്ങി മരിച്ചത്. എന്നാൽ ഹോം നഴ്സായി കുവൈറ്റിൽ ജോലി ചെയ്യുന്ന ഇവർക്കെതിരെ സ്പോൺസർ ഒളിച്ചോട്ട പരാതി നൽകിയിരുന്നു. ഇതെ തുടർന്ന് മേരി യാത്രാ വിലക്ക് നേരിടുകയായിരുന്നു. പ്രിയ മക്കളുടെ വേർപാടിൻ്റെ വേദനയ്ക്കൊപ്പം അവരെ അവസാനമായി ഒരു നോക്ക് കാണാനാകുമോ എന്നറിയാതെ മേരി തേങ്ങുകയായിരുന്നു.

വിവരമറിഞ്ഞ കുവൈറ്റ് ഓ ഐസി സി നേതാക്കൾ ഉൾപ്പെടെയുള്ള സാമൂഹിക പ്രവർത്തകർ ഇക്കാര്യം ഇന്ത്യൻ സ്ഥാനപതി സിബി ജോർജിന്റെ ശ്രദ്ധയിൽ പെടുത്തി. ഇതേ തുടർന്ന് സ്ഥാനപതി മേരിയെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു. മക്കളുടെ മൃതദേഹങ്ങൾ അവസാനമായി ഒരു നോക്ക് കാണാനുള്ള തന്റെ ആഗ്രഹം ഇവർ സ്ഥാനപതിയെ അറിയിച്ചു. വിഷയത്തിൽ പരിഹാരം കാണാമെന്ന ആശ്വസ വാക്ക് നൽകിയാണ് സ്ഥാനപതി ഫോൺ സംഭാഷണം അവസാനിപ്പിച്ചത്.

ഇതിന് പിന്നാലെയാണ് മേരിയുടെ യാത്രാ വിലക്ക് നീക്കുവാൻ എംബസി അടിയന്തിര നടപടികൾ സ്വീകരിച്ചത്. തുടർന്നാണ് ഇന്ന് ഉച്ചയോടെയാണ് മേരിയുടെ യാത്രക്കുള്ള വഴി തുറന്നത്. നാളെ ( തിങ്കൾ )വൈകീട്ട് 6.30 നുള്ള ജസീറ എയർ വെയ്സ് വിമാനത്തിൽ ഇവർ കൊച്ചിയിലേക്ക് പുറപ്പെടും.എംബസി തന്നെയാണ് മേരി ക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകുന്നതും.

അമ്മയുടെ വരവ് വൈകിയതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് കുട്ടികളുടെ മൃതദേഹങ്ങൾ. നാളെ അർദ്ധ രാത്രിയോടെ മേരി നാട്ടിൽ എത്തിയ ശേഷം, സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. .കല കുവൈറ്റിൻ്റെ നേതൃത്വത്തിലാണ് ഇവരെ നാട്ടിലേക്ക് അയക്കുന്നത്.