തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് പാര്‍ട്ടിയില്‍ പരാതിപ്പെട്ട സുജേഷ് കണ്ണാടിനെ കാണാനില്ലെന്ന് പരാതിയുമായി ബന്ധുക്കള്‍. സുജേഷിനെ കാണുന്നില്ലെന്ന് കാട്ടി ഇവര്‍ ഇരിങ്ങാലക്കുട പൊലീസില്‍ പരാതി നല്കി. മൊബൈലിലും സുജേഷിനെ വിളിച്ചിട്ട് കിട്ടുന്നില്ല. ശനിയാഴ്ച ഉച്ചയോടെയാണ് സുജേഷിനെ കാണാതായത്.
സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ബാങ്കിന് മുന്നില്‍ സുജേഷ് ഒറ്റയാള്‍ സമരം നടത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് സുജേഷിനെ മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. താന്‍ നടത്തുന്നത് ഒറ്റയാള്‍ പോരാട്ടമാണെന്ന് സുജേഷ് കണ്ണാട്ട് പറഞ്ഞിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് സുജേഷിന് വധഭീഷണിയും ഉണ്ടായിരുന്നു.