സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി ‘ബിഎസ്എൻഎൽ കോയ’ പിടിയിൽ

പാലക്കാട്: സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി മൊയ്തീൻകോയ പിടിയിൽ. പാലക്കാട് നോർത്ത് പൊലീസാണ് കോഴിക്കോട് നിന്നും ബിഎസ്എൻഎൽ കോയ എന്ന മൊയ്തീൻകോയയെ പിടികൂടിയത്. ഇയാളെ പാലക്കാട് എത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

അതിന് ശേഷം മേട്ടുപ്പാളയത്തെ ഷോപ്പിൽ എത്തിച്ച് തെളിവെടുക്കും. കോഴിക്കോട് സമാന്തര സമാന്തര എക്സ്ചേഞ്ച് നടത്തിയിരുന്നത് ഇയാളുടെ സഹോദരനാണ്. സമാന്തര എക്സ്ചേഞ്ചുകളുടെ മറവില്‍ ദേശ വിരുദ്ധ പ്രവര്‍ത്തനം, ഹവാല, മയക്കുമരുന്ന് ഇടപാടുകള്‍ നടന്നിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇന്നലെ വൈകിട്ട് കോഴിക്കോട് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്. പ്രതിപറയുന്ന പല കാര്യത്തിലും അവ്യക്തത നിലനിൽക്കുന്നുണ്ടെന്ന് പാലക്കാട് ഡിവൈഎസ്പി ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു. തീവ്രവാദ ബന്ധമടക്കമുള്ള കാര്യങ്ങളിൽ സൈബർ ഫോറൻസിക്ക് റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ പറയാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 14 ന് രാത്രിയാണ് പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറിയിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ച് നടത്തിവന്നത് പൊലീസ് കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. മൊയ്തീൻ കോയ കഴിഞ്ഞ എട്ട് വർഷമായി മേട്ടുപ്പാളയം സ്ട്രീറ്റിൽ ” കീർത്തി ആയുർവേദിക് ” എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.

സ്ഥാപനത്തിന്റെ പേരിൽ 200 ഓളം സിം കാർഡുകളാണ് ഇയാൾ എടുത്തിട്ടുള്ളത്. ഇൻറർ നാഷ്ണൽ ഫോൺകോളുകൾ എസ് ടിഡി കോളുകളാക്കി മാറ്റം വരുത്തി സാമ്പത്തിക ലാഭം കൈവരിക്കലാണ് ഇയാളുടെ രീതി. ഇയാളെ നാട്ടുകാർ ബിഎസ്എൻഎൽ കോയ എന്നാണ് വിളിച്ചിരുന്നത്.

മൊയ്തീൻ കോയയുടെ മകൻ ഷറഫുദ്ദീന് ചേവായൂർ പോലീസ് സ്റ്റേഷനിലും, സഹോദരൻ ഷബീറിന് കോഴിക്കോട് പോലീസ് സ്റ്റേഷനിലും സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തതിന് കേസുകൾ നിലവിലുണ്ട്. മൊയ്തീൻ കോയക്കെതിരെ 2 മാസം മുമ്പ് മലപ്പുറം പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ കഴിയവേയാണ് പാലക്കാട് പൊലീസിന്റെ പിടിയിലായത്. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.