റെമഡിയേഷൻ സെല്ലിന്റെ പ്രവർത്തനം നിലച്ചു; കാസർകോട് എന്റോസൾഫാൻ ദുരിബാധിതർ പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള റെമഡിയേഷന്‍ സെല്ലിന്‍റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി. സര്‍ക്കാര്‍ ആശുപത്രിയില്‍ ന്യൂറോളജിസ്റ്റിനെ നിയമിക്കണമെന്ന ആവശ്യത്തിനും പരിഹാരമില്ല. സൂചനാ സമരം നടത്തിയ ദുരിത ബാധിതര്‍ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ തലത്തില്‍ രൂപീകരിച്ച റെമഡിയേഷന്‍ സെല്ലിന്‍റെ പ്രവര്‍ത്തനം നിലച്ചിട്ട് 11 മാസങ്ങളായി. അതുകൊണ്ടുതന്നെ സെല്‍ യോഗവുമില്ല. സെല്‍ യോഗമില്ലെങ്കില്‍ തങ്ങളുടെ പ്രശ്നം കേള്‍ക്കാന്‍ സംവിധാനമില്ലാതാകുമെന്ന് ദുരിത ബാധിതര്‍.

സെല്‍ പുനസംഘടിപ്പിക്കാന്‍ നിരവധി തവണ ആരോഗ്യ മന്ത്രി അടക്കമുള്ളവരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ കാസർകോട് കളക്ട്രേറ്റിന് മുന്നില്‍ മനുഷ്യമതില്‍ തീര്‍ത്തു ഇരകള്‍. ഐക്യദാര്‍ഢ്യവുമായി സാമൂഹ്യപ്രവര്‍ത്തക ദയാബായിയും എത്തി.

ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെങ്കിലും ന്യൂറോളജിസ്റ്റിനെ നിയമിക്കണമെന്ന ആവശ്യത്തിനും പഴക്കമേറെയുണ്ട്. ഉന്നയിച്ച വിഷയങ്ങളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് തീരുമാനം. പ്രക്ഷോഭം സെക്രട്ടറിയേറ്റ് നടയിലേക്ക് വ്യാപിപ്പിക്കുമെന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ മുന്നറിയിപ്പ്.