ശോഭനാ ജോർജ് ഖാദി ബോർഡ് വൈസ് ചെയർപഴ്സൺ സ്ഥാനം രാജിവച്ചു; ചെയ്യാനുള്ളതെല്ലാം നടപ്പാക്കിയെന്ന് ശോഭന

തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർപഴ്സൺ സ്ഥാനത്തുനിന്ന് ശോഭനാ ജോർജ് രാജിവച്ചു. പാർട്ടി നിര്‍ദേശ പ്രകാരമാണ് രാജിയെന്നാണ് റിപ്പോർട്ട്. ശോഭനയ്ക്ക് ഉടൻ മറ്റു സ്ഥാനങ്ങൾ ലഭിക്കില്ലെന്നാണ് സൂചന.

മൂന്നര വര്‍ഷമായി ചെയ്യാനുള്ള കാര്യങ്ങൾ ചെയ്തതിനാലാണ് രാജിയെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്നും ശോഭന പറഞ്ഞു.കഴിഞ്ഞ ദിവസം ശോഭനാ ജോർ‌ജ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു.

കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന ശോഭന പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളെ തുടർന്നാണ് സിപിഎമ്മിലെത്തിയത്. 1991, 1996, 2001 വർഷങ്ങളിൽ ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.

കെ.കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോൾ കോൺഗ്രസ് വിട്ടെങ്കിലും പിന്നീട് തിരിച്ചെത്തി. ചെങ്ങന്നൂരിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി പി.സി.വിഷ്ണുനാഥിനെതിരെ മത്സരിച്ചു. 2018ൽ എൽഡിഎഫിന്റെ ഭാഗമായി.