പൊലീസ് സ്റ്റേഷൻ ചുമതല സിഐമാർക്ക് നൽകിയ തീരുമാനം പുന:പരിശോധിക്കുന്നു; ഐജിമാർ പഠനം നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനുകളുടെ ചുമതല സിഐമാര്‍ക്ക് നല്‍കിയ തീരുമാനം പുന:പരിശോധിക്കാന്‍ നീക്കം. കേസുകള്‍ കുറഞ്ഞ സ്റ്റേഷനുകളുടെ ചുമതല സിഐമാരില്‍ നിന്നും എസ്‌ഐമാരിലേക്ക് മാറ്റാണ് ആലോചന. ഉത്തര-ദക്ഷിണ മേഖല ഐജിമാരോട് പഠനം നടത്താന്‍ ഡിജിപി ചുമതലപ്പെടുത്തി.

സംസ്ഥാന പൊലീസ് ഘടനയിലെ ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രധാന മാറ്റമായിരുന്നു സ്റ്റേഷനുകളുടെ ഭരണ ചുമതല എസ്‌ഐയില്‍ നിന്നും സിഐലേക്ക് മാറ്റിയത്. സിഐമാരുടെ സ്ഥാനപ്പേര് സ്റ്റേഷന്‍ ഇന്‍സ്പെക്ടറെന്ന് മാറ്റുകയും ചെയ്തു. 2018ല്‍ തുടങ്ങിയ പരിഷ്ക്കാരം 2020 ല്‍ പൂര്‍ത്തിയായി. ഇന്ന് 468 സ്റ്റേഷനുകളുടെ ഭരണം ഇന്‍സ്പെക്ടര്‍മാര്‍ക്കാണ്.

ഇക്കാര്യത്തില്‍ പുനപരിശോധന വേണമെന്ന് എഡിജിപിമാരുടെ യോഗത്തില്‍ ചര്‍ച്ചയായി. കേസുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സ്റ്റേഷനുകളെ എ, ബി, സി എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. കേസുകള്‍ കുറഞ്ഞ സ്റ്റേഷനുകളാണ് സി കാറ്റഗറിയിലുള്ളത്. ഈ സ്റ്റേഷനുകളിലെങ്കിലും സിഐക്ക് പകരം എസ്‌ഐമാര്‍ മതിയെന്നാണ് ആലോചന.

സി കാറ്റഗറിയില്‍ മാത്രം സംസ്ഥാനത്ത് നൂറിലധികം സ്റ്റേഷനുകളുണ്ടെന്നാണ് നിഗമനം. ഈ സ്റ്റേഷനിലിരിക്കുന്ന സിഐമാരെ ക്രൈം ബ്രാഞ്ചിലും ജില്ലാ ക്രൈം ബ്രാഞ്ചിലും ഉപയോഗിക്കാനാണ് തീരുമാനം. ഉദ്യോഗസ്ഥരില്ലാത്തിനാല്‍ അന്വേഷണം വൈകുന്ന സാഹചര്യത്തിലാണ് പുനര്‍നിയമനം ആലോചിക്കുന്നത്. ഉത്തര-ദക്ഷിണ മേഖല ഐജിമാരോട് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. അതേ സമയം ഐടി നിയമ പ്രകാരമെടുക്കുന്ന കേസുകള്‍ ഉള്‍പ്പെടെ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിക്കേണ്ട കേസുകളുണ്ട്.