കൊച്ചി: ലക്ഷദ്വീപിലെ സ്കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണത്തിൽനിന്ന് മാംസാഹാരം ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരായ ഹർജി ഹൈക്കോടതി തള്ളി. ഡെയറി ഫാമുകൾ പൂട്ടാനുള്ള തീരുമാനമടക്കം ചോദ്യം ചെയ്ത് അഡ്വ. അജ്മൽ അഹമ്മദ് നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം വിദ്യാർഥികൾക്ക് ആവശ്യമായ പോഷകാഹാരം നൽകുകയാണ് ഉച്ചഭക്ഷണ പദ്ധതി ലക്ഷ്യമിടുന്നതെന്ന് വിലയിരുത്തിയാണ് മാംസാഹാരം ഒഴിവാക്കിയ നടപടി ശരിവെച്ചത്. സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാഹാരം ഒഴിവാക്കുന്നത് ലക്ഷദ്വീപിലെ പരമ്പരാഗത ഭക്ഷണശീലത്തെ തകർക്കുമെന്നായിരുന്നു ഹർജിയിലെ വാദം.
സ്കൂളുകളിൽ നൽകുന്ന ഉച്ചഭക്ഷണത്തിൽനിന്ന് മാത്രമാണ് മാംസാഹാരം ഒഴിവാക്കിയതെന്നും വീടുകളിൽ നൽകുന്നതിന് വിലക്കില്ലെന്നും ഭരണകൂടം വിശദീകരിച്ചു. സ്കൂളുകളിലെ ഉച്ചഭക്ഷണത്തിൽ മാംസം ഉൾപ്പെടുത്തണമെന്ന് നിയമത്തിൽ പറഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. യു.പി സ്കൂൾ വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകണമെന്ന് നിയമത്തിൽ പറയുമ്പോൾ ലക്ഷദ്വീപിൽ ഹയർ സെക്കൻഡറി ക്ലാസുകളിലുള്ളവർക്കുവരെ നൽകുന്നുണ്ടെന്നും കോടതി വിലയിരുത്തി.
ഡെയറി ഫാമുകളുടെ പ്രവർത്തനം ഭരണകൂടത്തിന് വൻ നഷ്ടമുണ്ടാക്കുന്നതിനാലാണ് പൂട്ടാൻ തീരുമാനിച്ചതെന്നായിരുന്നു അഡ്മിനിസ്ട്രേഷൻ്റെ വാദം. ഡെയറി ഫാമുകൾ നിമിത്തം പ്രതിവർഷം ഒരു കോടി രൂപയുടെ നഷ്ടമുണ്ടെന്നും ലക്ഷദ്വീപ് ഭരണകൂടം കണക്കു സഹിതം വ്യക്തമാക്കി. ഫാമുകൾ പൂട്ടുന്നത് നയ തീരുമാനമാണെന്നും ഇതിൽ കോടതി ഇടപെടരുതെന്നും വാദിച്ചു. തുടർന്നാണ് ഈ ആവശ്യവും നിരസിച്ചത്.
മൃഗ ക്ഷേമത്തിൻ്റെ ഭാഗമായി ഭരണകൂടത്തിന് ഇത്തരം നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. ഹർജി നേരത്തേ പരിഗണിച്ചപ്പോൾ ഫാമുകൾ പൂട്ടുന്നതും സ്കൂളുകളിലെ ഉച്ചഭക്ഷണത്തിൽനിന്ന് മാംസാഹാരം ഒഴിവാക്കുന്നതും കോടതി സ്റ്റേ ചെയ്തിരുന്നു.