വ്യാജ അഭിഭാഷക സെസി സേവിയർ അടിയന്തരമായി കീഴടങ്ങാൻ ഹൈക്കോടതി നിർദേശം; മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവിയറിനോട് അടിയന്തരമായി കീഴടങ്ങാൻ നിർദേശിച്ച് ഹൈക്കോടതി. സെസി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയാണ് കോടതി പരാമർശം. മാസങ്ങളായി ഒളിവിൽ കഴിയുന്ന ഇവരെ കണ്ടെത്താൻ പോലീസിന് ഇനിയും കഴിഞ്ഞിട്ടുമില്ല. പുറത്ത് നിന്ന് സഹായം ലഭിക്കുന്നതിനാലാണ് ഇത്രയും വലിയ കേസിലെ പ്രതിയായിട്ടും ഇവർക്ക് പോലീസിന്റെ പിടിയിലാകാതെ ഒളിവിൽ കഴിയാൻ കഴിയുന്നതെന്ന വിമർശനവും ശക്തമാണ്.

സെസി അഭിഭാഷകയായി ജോലി ചെയ്യുകയും കോടതി നിയോഗിച്ച കമ്മിഷനുകളുടെ സിറ്റിങ് നടത്തുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂലായ് 22ന് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തി ജാമ്യമെടുക്കാനും ശ്രമിച്ചിരുന്നു. എന്നാൽ തനിക്ക് നേരെ ചുമത്തിയിരിക്കുന്നത് വഞ്ചനാ കുറ്റം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകളാണെന്ന് തിരിച്ചറിഞ്ഞതോടെ കോടതിയിൽ നിന്ന് മുങ്ങുകയായിരുന്നു.

വ്യാജ എന്റോൾമെന്റ് നമ്പർ ഇട്ട് വക്കാലത്തെടുത്തതിന് വഞ്ചനാക്കുറ്റവും ബാർ അസോസിയേഷനിലെ ചില രേഖകൾ എടുത്തുകൊണ്ട് പോയതിന് മോഷണക്കുറ്റവും ചുമത്തി പോലീസ് കേസെടുത്തതിനാൽ ജാമ്യം ലഭിക്കില്ലെന്ന് മനസ്സിലാക്കിയതോടെയാണ് സെസി കോടതിയിൽ നിന്ന് മുങ്ങിയത്.

കോടതിയുടെ പിന്നിലെ ഗേറ്റുവഴി കാറിൽ കടന്നുകളയുകയായിരുന്നു അന്ന് സെസി. അതിന് ശേഷം ഇതുവരെ അവരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് കീഴടങ്ങണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഐ.പി.സി. 417(വഞ്ചന), 419, 420(ആൾമാറാട്ടം) എന്നിവയാണ് ഇവർക്കെതിരേ ചുമത്തിയിരുന്നത്. തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോൾ നമ്പർ ഉപയോഗിച്ചാണ് ഇവർ പ്രാക്ടീസ് ചെയ്തത്. സംഗീതയിൽനിന്ന് പോലീസ് വിവരം ശേഖരിച്ചാണ് ആൾമാറാട്ടം ചുമത്തിയത്. ഇതറിയാതെയാണു സെസി കോടതിയിലെത്തിയതെന്നു കരുതുന്നു.

മതിയായ യോഗ്യതയില്ലാതെ രണ്ടരവർഷം സെസി ആലപ്പുഴക്കോടതിയിൽ പ്രാക്ടീസ് ചെയ്തു. ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ജയിക്കുകയും ചെയ്തു. പരാതി ഉയർന്നതിനെത്തുടർന്നു യോഗ്യതാരേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന ഇവർക്കെതിരേ ബാർ അസോസിയേഷൻ പോലീസിൽ പരാതി നൽകുകയായിരുന്നു