അടിമാലി: വാനരക്കൂട്ടത്തിന്റെ ചിത്രം എടുക്കുന്നതിനിടെ കാൽതെറ്റി കൊക്കയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്. എറണാകുളം മുരിക്കുംപാടം സ്വദേശി അനൂപി (30)നാണ് തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റത്. കാടിനുനടുവിലെ കൊക്കയിലേക്ക് ഇറങ്ങാൻ കഴിയാതിരുന്നതിനാൽ അരമണിക്കൂറോളം യുവാവ് രക്തം വാർന്നുകിടന്നു. അടിമാലിയിൽനിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് ആശുപത്രിയിലാക്കിയത്. ഇദ്ദേഹം അബോധാവസ്ഥയിലാണ്.
ബുധനാഴ്ച മൂന്നോടെ ചീയപ്പാറ വെള്ളച്ചാട്ടത്തിന് നൂറുമീറ്റർ മാറിയാണ് സംഭവം. സുഹൃത്തിനൊപ്പം മൂന്നാർ സന്ദർശിച്ചശേഷം തിരികെ എറണാകുളത്തേക്ക് പോകുകയായിരുന്നു. അപ്പോഴാണ് റോഡരികിലെ മരത്തിൽ കുരങ്ങുകൾ ഇരിക്കുന്നത് കണ്ടത്.
കാർ നിർത്തി അനൂപ് ചിത്രമെടുക്കാനായി റോഡിന്റെ സംരക്ഷണഭിത്തിയിലേക്ക് കയറി. പായൽ പിടിച്ചുകിടന്ന കൽക്കെട്ടിൽനിന്ന് 100 അടി താഴ്ചയിലേക്ക് തെന്നി വീണു. സഞ്ചാരികൾ മാത്രമായിരുന്നു അപ്പോൾ അവിടെയുണ്ടായിരുന്നത്. പ്രദേശത്തേക്കുറിച്ച് യാതൊരു പരിചയവുമില്ലാത്ത അവർക്ക് കൊക്കയിലേക്ക് ഇറങ്ങാൻ കഴിഞ്ഞില്ല.
സഞ്ചാരികൾ ഉടൻ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. 15 കിലോമീറ്റർ അകലെനിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് അനൂപിനെ പുറത്തെത്തിച്ചത്. അപ്പോഴേക്കും സഹായത്തിനായി നാട്ടുകാരും എത്തി. അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ കോലഞ്ചേരി ആശുപത്രിയിൽ എത്തിച്ചു.