തൃശ്ശൂർ: സംസ്ഥാന ചരക്ക്-സേവന നികുതി ഇന്റലിജൻസ് വിഭാഗം തൃശ്ശൂർ, തലശ്ശേരി, മലപ്പുറം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 2.04 കോടി വിലവരുന്ന സ്വർണം പിടികൂടി. മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 4.43 കിലോ സ്വർണാഭരണങ്ങളും 2.12 കിലോ വെള്ളിയാഭരണങ്ങളുമാണ് പിടികൂടിയത്.
തൃശ്ശൂർ മൊബൈൽ അഞ്ചാം സ്‌ക്വാഡ് നടത്തിയ മൂന്ന് പരിശോധനകളിൽ 46.02 ലക്ഷം വിലവരുന്ന 1.04 കിലോ സ്വർണാഭരണങ്ങൾ പിടികൂടി. സെക്ഷൻ 129, 130 എന്നിവ പ്രകാരം നോട്ടീസ് നൽകി നികുതിയും പിഴയുമായി 7.02 ലക്ഷം ഈടാക്കി. തൃശ്ശൂർ ഡെപ്യൂട്ടി കമ്മിഷണർ (ഇന്റലിജൻസ്) കെ. രാജീവിന്റെ നേതൃത്വത്തിലായിരുന്നു സ്വർണവേട്ട.
തൃശ്ശൂർ ഇന്റലിജൻസ് മൊബൈൽ ഒന്നാം സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 17.37 ലക്ഷം വിലവരുന്ന 383 ഗ്രാം സ്വർണാഭരണങ്ങളാണ് തൃശ്ശൂരിൽനിന്ന് പിടികൂടിയത്. പിഴയായി 1.04 ലക്ഷം ഈടാക്കി. സ്റ്റേറ്റ് ടാക്സ് ഓഫീസർ (ഇന്റലിജൻസ്) സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു ഇവിടെ പരിശോധന.
തലശ്ശേരിയിലെ ഹാൾ മാർക്കിങ് കേന്ദ്രത്തിൽനിന്ന് തലശ്ശേരിയിലെ ജൂവലറിയിലേക്ക് കടത്താൻ ശ്രമിച്ച 1.40 കോടി രൂപ വിലവരുന്ന മൂന്ന് കിലോ സ്വർണാഭരണമാണ് തലശ്ശേരി ഇന്റലിജൻസ് മൊബൈൽ സ്‌ക്വാഡ് പിടികൂടിയത്. മലപ്പുറം രണ്ടാം ഇന്റലിജൻസ് സ്‌ക്വാഡ് തിരൂരിൽ നടത്തിയ പരിശോധനയിൽ 1.5 ലക്ഷം രൂപ വിലവരുന്ന 2.12 കിലോഗ്രാം വെള്ളി ആഭരണം പിടികൂടി.