എറണാകുളം ജില്ലയിലെ ഏരിയാ കമ്മിറ്റികളുടെ എണ്ണം കുറയ്ക്കാൻ സിപിഎം

കൊച്ചി: പാർട്ടിയിൽ വിഭാഗീയത രൂക്ഷമായിരുന്നപ്പോൾ വർധിപ്പിച്ച എറണാകുളം ജില്ലയിലെ ഏരിയാ കമ്മിറ്റികളുടെ എണ്ണം കുറയ്ക്കാൻ സിപിഎം. കളമശ്ശേരി ഏരിയാ കമ്മിറ്റിയിൽനിന്ന് തൃക്കാക്കര മണ്ഡലത്തിന്റെ ഭാഗം ഒഴിവാക്കി ഇപ്പോഴത്തെ വൈറ്റില ഏരിയാ കമ്മിറ്റിയിൽ ചേർക്കും. കമ്മിറ്റിയുടെ പേര് തൃക്കാക്കര എന്നാവും.

ആലങ്ങാട്, നെടുമ്പാശ്ശേരി, കാലടി, മുളന്തുരുത്തി കമ്മിറ്റികൾ പിരിച്ചുവിട്ടു പുതിയ കമ്മിറ്റികൾ വരും. 20 ഏരിയാ കമ്മിറ്റികൾ ഉണ്ടായിരുന്നത് പതിനാറാവും. ഏരിയാ സമ്മേളനങ്ങളും പതിനാറിലൊതുങ്ങും
സിപിഎമ്മിൽ വിഭാഗീയത ഒഴിഞ്ഞതിനെ തുടർന്നാണ് കമ്മിറ്റികളുടെ എണ്ണം ചുരുക്കുന്നത്.

പാർട്ടി അംഗത്വത്തിന്റെ അടിസ്ഥാനത്തിൽ കമ്മിറ്റികളുടെ എണ്ണം കൂട്ടിവരുന്ന പതിവാണ് സിപിഎമ്മിനുള്ളത്. എന്നാൽ, ഇപ്പോൾ ഏരിയാ കമ്മിറ്റികളുടെ എണ്ണം കുറയ്ക്കാനാണു സിപിഎം. തീരുമാനം. സമ്മേളനത്തിൽ ഭൂരിപക്ഷമുണ്ടാക്കി ജില്ല പിടിക്കുന്നതിന്റെ ഭാഗമായാണു മുമ്പ് ഏരിയാ കമ്മിറ്റികളുടെ എണ്ണം കൂട്ടിയിരുന്നത്.

ഏരിയാ കമ്മിറ്റികളിൽ ആധിപത്യം ഉറപ്പിച്ചു ജില്ലയിലേക്കുള്ള തങ്ങളുടെ സമ്മേളന പ്രതിനിധികളുടെ എണ്ണം കൂട്ടാനാണു പുതിയ കമ്മിറ്റികൾ മുമ്പ് ഉണ്ടാക്കിയത്. എന്നാൽ അങ്ങനെ ഉണ്ടാക്കിയ കമ്മിറ്റികൾ ഇപ്പോൾ പാർട്ടിക്ക് ബാധ്യതയായി. തിരഞ്ഞെടുപ്പ്‌ വരുമ്പോൾ വിവിധ ഏരിയാ കമ്മിറ്റിക്കു കീഴിലുള്ള നേതാക്കളെ ഒരു മണ്ഡലം കമ്മിറ്റിക്കു കീഴിൽ പ്രവർത്തിപ്പിക്കണം.

നേതാക്കൾ തമ്മിലുള്ള മൂപ്പിളമതർക്കങ്ങളും മറ്റും അപ്പോൾ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ബുദ്ധിമുട്ടാവും. കഴിയുന്നത്ര നിയോജകമണ്ഡലം കേന്ദ്രീകരിച്ച് ഏരിയാ കമ്മിറ്റികൾ ഒതുക്കാനുള്ള നീക്കമാണു നടക്കുന്നത്.