നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് ; കസ്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വര്‍ണം ഇഡി കണ്ടുകെട്ടി

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിൽ കസ്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വര്‍ണം ഇഡി കണ്ടുകെട്ടി. അന്വേഷണത്തിൻ്റെ ഭാഗമായി പ്രതികളിൽ നിന്നും പിടിച്ചെടുത്ത 14.98 ലക്ഷം രൂപയും എൻഫോഴ്സ്മെൻ്റ ഡയറക്ടറേറ്റ് കണ്ടുകെട്ടിയതായി ഉത്തരവിറക്കിയിട്ടുണ്ട്. നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി പി.ആര്‍.സരിത്തിൽ നിന്നും പിടികൂടിയ പണമാണ് ഇഡി കണ്ടുകെട്ടിയത്.

പ്രതികളുടെ ബാങ്ക് ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടിരൂപ ഇഡി നേരത്തെ കണ്ട് കെട്ടിയിരുന്നു. കള്ളക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണമാണ് സ്വർണ്ണത്തിനായി നിക്ഷേപിച്ചതെന്ന് ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവിൽ ഇഡി വ്യക്തമാക്കുന്നു.

സ്വർണ്ണക്കടത്തിനായി പണം നിക്ഷേപിച്ച ഒൻപത് പേര്‍ക്ക് അന്വേഷണത്തിൻ്റെ ഭാഗമായി ഇഡി നോട്ടീസയച്ചിട്ടുണ്ട്. റബിൻസ്, അബ്ദു പി ടി,അബദുൾ ഹമീദ്, ഷൈജൽ,കുഞ്ഞുമുഹമ്മദ്, ഹംജത് അലി, റസൽ, അൻസിൽ ഷമീർ എന്നീ പ്രതികൾക്കാണ് നോട്ടീസ് അയച്ചത്.