കൊച്ചി: മലയാളികളുടെ ആഭരണഭ്രമമാണ് ട്രെയിനിലെ മോഷ്ടാക്കൾ കേരളത്തിലേക്കുള്ള ട്രെയിനുകൾ നോട്ടമിടാൻ കാരണമെന്ന് റെയിൽവേ പൊലീസ്. റെയിൽവേ അറിയപ്പുകൾ യാത്രക്കാർ പലപ്പോഴും ഗൗരവമായെടുക്കാറില്ല. അതുകൊണ്ട് സുരക്ഷ സംബന്ധിച്ച ലഘുലേഖകൾ വിതരണം ചെയ്തിട്ടും മേരി സഹേലി പോലെയുള്ള വനിതാ സുരക്ഷാ പദ്ധതികൾ നടപ്പാക്കിയിട്ടും ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത സ്ഥിതിയിലാണ് റെയിൽവേ സുരക്ഷാ സേനയും (ആർപിഎഫ്) റെയിൽവേ പൊലീസും (ജിആർപി).
കൊറോണ കാലത്തു പൂർണമായി റിസർവേഷൻ നടത്തി ട്രെയിനോടിച്ചിട്ടും പണവും ആഭരണവും നഷ്ടപ്പെടുന്നതു തുടർക്കഥയാവുകയാണ്. മുളന്തുരുത്തിയിൽ ഏതാനും മാസം മുൻപാണു മോഷണ ശ്രമത്തിന് ഇരയായ യുവതി ട്രെയിനിൽനിന്നു വീണു പരുക്കേറ്റത്. നിസാമുദ്ദീൻ– രുവനന്തപുരം ട്രെയിനിൽ യാത്രക്കാരുടെ ആഭരണങ്ങൾ മോഷണം പോയതാണ് ഒടുവിലത്തേത്.
കേരളം വിട്ടുകഴിഞ്ഞാൽ ട്രെയിൻ സുരക്ഷ പേരിനു മാത്രമാണ്. മംഗളൂരു– ഗോവ, കോയമ്പത്തൂർ– ചെന്നൈ, സേലം– ബെംഗളൂരു, ആഗ്ര– ഡെൽഹി സെക്ഷനുകളിലാണു കൂടുതൽ മോഷണം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കേരളത്തിനു പുറത്തു ട്രെയിനിൽ പരാതിപ്പെട്ടാൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ടിടിഇമാരോ റെയിൽവേ പൊലീസോ തയാറാകുന്നില്ലെന്ന് ആക്ഷേപവുമുണ്ട്.
മറ്റു സ്ഥലങ്ങളിൽ നടക്കുന്ന മോഷണക്കേസുകളിൽ എഫ്ഐആർ കൂടുതലും റജിസ്റ്റർ ചെയ്യുന്നതു കേരളത്തിൽ എത്തിയ ശേഷമാണ്. ഇവിടെ നിന്നു എഫ്ഐആർ കൈമാറിയാലും മറ്റു സംസ്ഥാനങ്ങളിൽ അന്വേഷണം ഫലവത്തല്ല.
തിരിച്ചറിയൽ രേഖകൾ പരിശോധിക്കാതെ ഇടയ്ക്കുനിന്നു കയറുന്നവർക്കു റിസർവേഷൻ കോച്ചുകളിലേക്കു ടിടിഇമാർ ടിക്കറ്റ് അപ്ഗ്രേഡ് ചെയ്തു നൽകുന്നതും ചിലപ്പോൾ പ്രശ്നങ്ങൾക്കിടയാക്കുന്നു. ഭക്ഷണത്തിൽ മയക്കുമരുന്നു നൽകിയുള്ള മോഷണം തടയാൻ മറ്റു യാത്രക്കാർ നൽകുന്ന ഭക്ഷണമോ പാനീയങ്ങളോ സ്വീകരിക്കാതിരിക്കുക മാത്രമാണു പോംവഴി. കൂടാതെ ഭക്ഷണം വാങ്ങി സീറ്റിൽ വച്ചിട്ടു കൈകഴുകാൻ പോകാതിരിക്കുക. മലയാളികൾ കൂടുതൽ ആഭരണങ്ങൾ ധരിച്ചു യാത്ര ചെയ്യുന്നതിനാൽ, മോഷ്ടാക്കൾ മിക്കപ്പോഴും നോട്ടമിടുന്നതു കേരളത്തിലേക്കുള്ള ട്രെയിനുകളാണെന്നു റെയിൽവേ പൊലീസ് പറയുന്നു.
പ്രധാന സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ ഏർപ്പെടുത്തിയെങ്കിലും ട്രെയിനുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്ന പദ്ധതി എങ്ങുമെത്തിയിട്ടില്ല. മെട്രോ മാതൃകയിൽ ഓട്ടമാറ്റിക് ഡോറുകളും ഏതാനും ചില പുതിയ ട്രെയിനുകളിൽ മാത്രമാണുള്ളത്. മോഷ്ടാക്കൾക്ക് ഏതു വഴിക്കും കയറാനും ഇറങ്ങിപ്പോകാനും കഴിയുന്ന തരത്തിലാണു റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും. അതു കൊണ്ട് തന്നെ യാത്രക്കാർ സ്വയം ജാഗ്രത പാലിക്കുകയാണ് ഈ ഘട്ടത്തിൽ പ്രധാനം.