എറണാകുളം ജില്ലയിലെ സിപിഎം തോൽവി; സികെ മണിശങ്കറെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കി; എന്‍സി മോഹനനെ പരസ്യമായി ശാസിക്കും; കൂടുതൽ നേതാക്കൾക്ക് എതിരേ നടപടി

കൊച്ചി: എറണാകുളം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിൻ്റെ ദയനീയ പരാജയത്തിൽ പ്രമുഖ നേതാക്കളടക്കം നിരവധി പേർക്കെതിരേ നടപടി. സികെ മണിശങ്കറിനെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കി. വൈറ്റില ഏര്യ സെക്രട്ടറി ആയിരുന്ന കെ ഡി വിന്‍സെന്റിനെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കി. നിയമസഭ തെരഞ്ഞെടുപ്പിലെ വീഴ്ച സംബന്ധിച്ച പാര്‍ട്ടി അന്വേഷണ കമ്മീഷനുകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വിവിധ സ്ഥലങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് എതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു.സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പെരുമ്പാവൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ എന്‍സി മോഹനനെ പരസ്യമായി ശാസിക്കാനും യോഗം തീരുമാനിച്ചു.

തൃക്കാക്കരയിലെ തോല്‍വിയില്‍ എന്‍ സി സുന്ദറിനെയും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. വിന്‍സന്റിന് എതിരായ നടപടിയും തൃക്കാക്കരയിലെ തോല്‍വിയിലാണ്. കൂത്താട്ടുകുളം ഏര്യ സെക്രട്ടറി ഷാജു ജേക്കബിനെ സ്ഥാനത്ത് നിന്ന് നീക്കി. കൂത്താട്ടുകുളം ഓഫീസ് സെക്രട്ടറി അരുണ്‍ കുമാറിനെ സ്ഥാനത്തു നിന്ന് നീക്കി.