അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിവസപ്പടി കൈപ്പറ്റുന്നതിനിടെ വിജിലൻസ് പിടിയിൽ

കോട്ടയം: ഏജൻ്റുമാരിൽ നിന്നും ദിവസപ്പടി കൈപ്പറ്റുന്നതിനിടെ കാഞ്ഞിരപ്പള്ളി ട്രാൻസ്പോർട്ട് ഓഫീസിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. കാഞ്ഞിരപ്പള്ളി റീജയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് സുകുമാരൻ ആണ് പിടിയിലായത്.

ഇയാൾക്ക് പണം കൈമാറാനെത്തിയ അബ്ദുൾ സമദ്, നിയാസ് എന്നീ രണ്ട് ഏജൻ്റുമാരേയും വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവിംഗ് സ്കൂളുക്കാരിൽ നിന്നാണ് ഏജൻ്റുമാർ പണം ശേഖരിച്ചത്. ശ്രീജിത്ത് സുകുമാരനെ കൂടാതെ മാസപ്പടി സംഘത്തിൽ സുരേഷ് ബാബു, അരവിന്ദ് എന്നീ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും ഉൾപ്പെട്ടതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരെ ഉടനെ കസ്റ്റഡിയിലെടുക്കുമെന്നും വിജിലൻസ് വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ ഉദ്യോഗസ്ഥരെ വിജിലൻസ് നിരീക്ഷിച്ചു വരികയായിരുന്നു. അതത് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി പോകും വഴിയാണ് ഇവർ ഏജൻ്റുമാരിൽ നിന്നും പണം കൈപ്പറ്റി കൊണ്ടിരുന്നത്. ഒരു ദിവസം ഇരുപതിനായിരം മുതൽ മുപ്പതിനായിരം രൂപ വരെ ഇവർ ഇങ്ങനെ കൈപ്പറ്റിയിരുന്നു.