ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ വാക്കുകള്‍ വിവാദമാക്കാൻ ശ്രമിച്ചത് നിർഭാഗ്യകരം: ബിഷപ് നിർവഹിച്ചത് അപ്പോസ്തോലിക ദൗത്യം: മോന്‍സ് ജോസഫ്

കോട്ടയം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചത് അപ്പോസ്തോലികമായ ദൗത്യമെന്ന് കേരളാ കോൺഗ്രസ് നേതാവ് മോന്‍സ് ജോസഫ് എം എൽഎ. അദ്ദേഹത്തിന്‍റെ വാക്കുകള്‍ വിവാദമാക്കാൻ ശ്രമിച്ചത് നിർഭാഗ്യകരമാണ്. യാഥാർത്ഥ്യം മനസ്സിലാക്കി വിവാദം അവസാനിപ്പിക്കണമെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.

ബിഷപ്പ് പറഞ്ഞതിൻ്റെ അന്തസത്ത ഉൾക്കൊണ്ട് തിരുത്തലുകൾ ഉണ്ടാകണം. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നായാലും പ്രതിപക്ഷ നേതാവിന്‍റെ ഭാഗത്ത് നിന്നായാലും മാതൃകാപരമായ തിരുത്തലുകളുണ്ടാവണം. എല്ലാ മതങ്ങളുടേയും ആചാര്യന്മാർ ശരിയായ പാതയിൽ നയിക്കാനാണ് ശ്രമിക്കുന്നതെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

നേരത്തേ മാർ ജോസഫ് കല്ലറങ്ങാട്ടില്ലിന് കേരള കോൺ​ഗ്രസ് എം നേതാവ് ജോസ് കെ മാണിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. സാമൂഹ്യതിന്മയ്ക്കെതിരായ ജാ​ഗ്രതയാണ് പാലാ ബിഷപ്പ് ഉയ‍ർത്തിയത്. മയക്കുമരുന്ന് സാമൂഹ്യ വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തത്.

ബിഷപ്പിനെ ആക്ഷേപിക്കുന്നവർ കേളത്തിൻ്റെ മതസാഹോദര്യം സമാധാനവും തകർക്കാൻ ശ്രമിക്കുകയാണെന്നും ബിഷപ്പിൻ്റെ വാക്കുകൾ ചില‍ർ വളച്ചൊടിച്ചെന്നും ജോസ് കെ മാണി പ്രസ്താവനയിൽ പറഞ്ഞു. മത സാഹോദര്യം നിലനിർത്താൻ എല്ലാവരും ശ്രമിക്കണമെന്നും ലഹരിമാഫിയക്ക് എതിരായ ചെറുത്ത് നിൽപ്പ് രൂപപ്പെടണമെന്നും ജോസ് കെ മാണി ആഹ്വാനം ചെയ്തു.