കൊച്ചി: പൈങ്കുറ്റിയില്‍ സീരിയല്‍ നിര്‍മാണത്തിനെന്ന പേരില്‍ ആഡംബര വീട് വാടകക്കെടുത്ത് കോടികളുടെ വ്യാജ കറന്‍സി നിര്‍മിച്ച സംഭവത്തിലെ മുഖ്യകണ്ണി പിടിയില്‍. കള്ളനോട്ട് നിര്‍മാണത്തിന് നേതൃത്വം നല്കിയ ഏഴംഗ സംഘത്തിന് സാമ്പത്തിക സഹായം നല്കിയ ചെന്നൈ ആവടി മിലിട്ടറി കോളനിയിലെ ലക്ഷ്മിയാണ് (48) ക്രൈംബ്രാഞ്ചിന്റ പിടിയിലായത്. വര്‍ഷങ്ങളായി ലക്ഷ്മിയുടെ സംഘം ചെന്നൈയില്‍ നോട്ടിടപാട് നടത്തുന്നുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
പ്രതികളുടെ ഫോണ്കാേള് രേഖ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ലക്ഷ്മിയെക്കുറിച്ച് സൂചന ലഭിച്ചു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കുമളിയില്‍ നിന്നാണ് അറസ്റ്റ്. കള്ളനോട്ട് സംഘമെന്ന വ്യാജേനെ ഇവരെ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു. ഈയിടെ ലഭിച്ച നോട്ട് നിലവാരമില്ലെന്നും കത്തിച്ചുകളഞ്ഞെന്നുമായിരുന്നു ലക്ഷ്മിയുടെ മറുപടി.
മികച്ച നോട്ടുകള്‍ കൈവശമുണ്ടെന്നറിയിച്ച് കുമളി ബസ് സ്റ്റാന്‍ഡിലേക്ക് വിളിച്ചുവരുത്തി ഓട്ടോയില്‍ വേഷം മാറി എത്തിയ ഉദ്യോഗസ്ഥര്‍ പണം കൈമാറുന്നതിനിടെ ലക്ഷ്മിയെ പിടികൂടുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പതിനായിരം രൂപയും പിടിച്ചെടുത്തു. ചെന്നൈയിലെ ലെതര്‍ ഷോപ്പ് നഷ്ടത്തിലായി പൂട്ടേണ്ടിവന്നതോടെയാണ് ഇവര്‍ തട്ടിപ്പിലേക്ക് തിരിഞ്ഞത്.
അടുത്തിടെ 60 ലക്ഷത്തിലധികം രൂപയാണ് ഇവരുടെ അക്കൗണ്ടില്‍ വന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പിറവത്ത് നിര്‍മിച്ച വ്യാജനോട്ടുകള്‍ രണ്ടുഘട്ടമായി ഇവര്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. കേസില്‍ നേരത്തെ പിടിയിലായ തങ്കമുത്തുവഴിയാണ് പിറവം നോട്ടടി സംഘത്തിന്റെ തലവന്‍ സുനില്‍കുമാറും മറ്റും ലക്ഷ്മിയെ പരിചയപ്പെടുന്നത്. പിടിയിലായ സുനില്‍കുമാറിന്റെ സംഘത്തിന് പേപ്പറും പ്രിന്ററും പിറവത്ത് എത്തിച്ചു നല്കിയതും ലക്ഷ്മിയാണ്.