കൊറോണ രോ​ഗി മരിച്ചെന്ന വ്യാജ അറിയിപ്പ്; ആലപ്പുഴ മെഡിക്കൽ കോളേജിലെ വീഴ്ച അന്വേഷിക്കാൻ മന്ത്രിയുടെ നിർദ്ദേശം

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വീഴ്ചകളെക്കുറിച്ച് അന്വേഷണം നടത്താൻ ആരോ​ഗ്യമന്ത്രിയുടെ നിർദ്ദേശം. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ അബ്ദുൾ സലാം അന്വേഷണം നടത്തും. അടിയന്തര റിപ്പോർട്ട് നൽകാനാണ് മന്ത്രിയുടെ നിർദ്ദേശം. വീഴ്ച വരുത്തിയ താൽക്കാലിക ജീവനക്കാരനെ ജോലിയിൽ നിന്ന് ഒഴിവാക്കി.

ചികിത്സയിലിരിക്കുന്ന കൊറോണ രോഗി മരിച്ചെന്ന് ബന്ധുക്കൾക്ക് അറിയിപ്പ് നൽകിയതാണ് നടപടിക്ക് ആസ്പദമായ സംഭവം. ഇന്നലെ അറിയിച്ചതുപ്രകാരം മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിൽ എത്തിയപ്പോഴാണ് കായംകുളം പള്ളിക്കൽ സ്വദേശി രമണൻ ജീവനോടെയുണ്ടെന്ന് വീട്ടുകാർക്ക് മനസ്സിലായത്. ഗുരുതര വീഴ്ചയിൽ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇന്നലെ രാത്രിയോടെയാണ് രമണൻ മരിച്ചെന്ന അറിയിപ്പ് മെഡിക്കൽ കോളേജിൽ നിന്ന് ബന്ധുക്കൾക്ക് കിട്ടിയത്. മൃതദേഹം ഏറ്റുവാങ്ങാൻ രാവിലെ തന്നെ എത്തണമെന്നും അറിയിച്ചു. ഇതിനിടെ, കൊറോണ മാനദണ്ഡപ്രകാരം സംസ്കാരം നടത്താനുള്ള ഒരുക്കങ്ങൾ രമണന്‍റെ പള്ളിക്കലിലെ വീട്ടിൽ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പൂർത്തിയാക്കി.ആദരാഞ്ജലി പോസ്റ്ററടക്കം അടിക്കുകയും ചെയ്തിരുന്നു.

ആംബുലൻസുമായി വീട്ടുകാർ ഇന്ന് രാവിലെ ആശുപത്രിയിലെത്തിയപ്പോഴാണ് കഥ മാറിയത്. മൃതദേഹം കണ്ടെത്താനായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് രമണന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് മനസ്സിലായി. ഇതോടെ ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയ്ക്ക് എതിരെ ബന്ധുക്കള്‍ രംഗത്തെത്തി.

കൊറോണ രോഗികൾ മരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ബന്ധുക്കളെ കൃത്യമായി അറിയിക്കാതെ ഇരിക്കുക, മൃതദേഹങ്ങൾ മാറി നൽകുക, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗുരുതര വീഴ്ചയുടെ പട്ടികയിൽ ഏറ്റവും ഒടുവിലത്തേതാണ് രമണന്‍റെ ബന്ധുക്കൾ നേരിട്ട ദുരവസ്ഥ.