ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി മൂന്ന് മാസത്തേക്ക് നീട്ടി

ന്യൂഡെൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി കേന്ദ്രം വീണ്ടും നീട്ടി. മൂന്ന് മാസത്തേക്കാണ് നീട്ടിയത്. നേരത്തെ സെപ്തംബർ 30നകം റിട്ടേൺ സമർപ്പിക്കണം എന്നായിരുന്നു സർക്കാർ അറിയിച്ചത്. ഇത് ഡിസംബർ 31ലേക്ക് നീട്ടുകയായിരുന്നു. കൊറോണ തീർത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സമയപരിധി നീട്ടി നൽകിയിരിക്കുന്നത്.

2021-22 വർഷത്തെ ആദായനികുതി റിട്ടേണും വിവിധ ഓഡിറ്റ് റിപ്പോർട്ടുകളും സമർപ്പിക്കുന്നതിൽ നികുതിദായകരും ഓഹരി ഉടമകളും നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് റിട്ടേൺ സമർപ്പിക്കേണ്ട തീയതി ഡിസംബർ 31 വരെ നീട്ടിയെന്ന് കേന്ദ്രം അറിയിച്ചു. എന്നാൽ പുതിയ ടാക്സ് പോർട്ടൽ അവതരിപ്പിച്ചതിന് പിന്നാലെ നിരവധി കോണിൽ നിന്ന് പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടിയേക്കുമെന്നുള്ള വിവരങ്ങളും ഉണ്ടായിരുന്നു.