പാലക്കാട് പ്ലാസ്റ്റിക്ക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം; ആളപായമില്ല

പാലക്കാട്: പുതുനഗരത്ത് പ്ലാസ്റ്റിക്ക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഷോര്‍ട് സെര്‍ക്യൂട്ടാണ് അപകടമുണ്ടാവാന്‍ കാരണമെന്ന് സംശയിക്കുന്നു. തീയണയ്ക്കാനുള്ള ശ്രമം നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് തുടരുകയാണ്. തീയണയ്ക്കാന്‍ രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഏതാണ്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.

പ്ലാസ്റ്റിക് ഫാക്ടറിക്ക് സമീപത്ത് വീടുകള്‍ ഉണ്ട്. വീടുകളില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നുണ്ട്. തീപിടുത്തം സംഭവിക്കുമ്പോള്‍ ഗോഡൗണില്‍ രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നു. തീയാളിപ്പടര്‍ന്നപ്പോള്‍ ഇരുവരും രക്ഷപെട്ടു. അതിനാല്‍ ആളപായം ഉണ്ടായിട്ടില്ല. തീപിടുത്തം ശ്രദ്ധയില്‍പെട്ടത്തോടെ നാട്ടുകാര്‍ ഫയര്‍ ഫോഴ്സിന് വിവരം അറിയിക്കുകയായിരുന്നു.

അതേസമയം സംഭവസ്ഥലത്ത് പുല്ല് ഉണങ്ങിയ നിലയിലാണ് ഉള്ളതെന്നും ആരെങ്കിലും ബീഡി വലിച്ചിട്ട് അതില്‍ നിന്നും തീ പടര്‍ന്നതാകാമെന്നും നാട്ടുകാര്‍ സംശയം ഉന്നയിക്കുന്നു. തീപിടുത്തത്തില്‍ കമ്പനി പൂര്‍ണമായും കത്തിനശിച്ചു. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ പ്രദേശത്തേക്ക് തിരിച്ചതായി പൊലീസ് പറഞ്ഞു.

ആളുകള്‍ ഫാക്ടറിയില്‍ നിന്ന് പുറത്തുപോയതിനാലാണ് വന്‍ അപകടം ഒഴിവായത്. ഇതിനിടെ തീപിടുത്തം ഉണ്ടായ സ്ഥാപനം പ്രവര്‍ത്തിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കെട്ടിടത്തിന് അനുമതി ഇല്ലായിരുന്നുവെന്നും സ്ഥലം കൈയ്യേറിയാണ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് എസ് ഹംസത്ത് ആരോപിച്ചു.