ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമം; കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നതിൽ ഇടപെടലുമായി ഹൈക്കോടതി. ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് കോടതി നിർദേശം. കൊറോണ ചികിത്സാ നിരക്ക് സംബന്ധിച്ച കേസ് പരിഗണക്കുന്നതിനിടെയാണ് ഹൈക്കോടതി പരാമർശം. അടുത്തിടെ നടന്ന സംഭവങ്ങൾ ചൂണ്ടിക്കാണിച്ചാണ് പരാമർശം.

ആരോഗ്യപ്രവർത്തകർക്കെതിരേയുള്ള അക്രമങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലും പോലീസ് തയ്യാറാകുന്നില്ലെന്ന് ആശുപത്രികളും പരാതിപ്പെട്ടു. കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് മർദ്ദനമേൽക്കുന്നതിൽ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടാകരുതെന്നാണ് കോടതി നിർദേശം.

ആരോഗ്യപ്രവർത്തകർക്കെതിരെ അതിക്രമം നടത്തിയാൽ കർശന നടപടിയെന്നാണ് ഐഎംഎ, കെജിഎംഒഎ എന്നിവരുടെ പ്രതിഷേധങ്ങൾക്ക് പിന്നാലെ മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നത്. അതിക്രമങ്ങൾ തടയാൻ നടപടിയില്ലെങ്കിൽ ഒ.പി മുടക്കിയുള്ള സമരത്തിലേക്ക് പോകുമെന്ന് ഡോക്ടർമാരുടെ സംഘടനകളും നിലപാടെടുത്തിരുന്നു.