രവി പിള്ളയുടെ മകന്‍റെ വിവാഹത്തിന് ഗുരുവായൂർ ക്ഷേത്ര നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെ ഹൈക്കോടതിയുടെ സ്വമേധയാ നടപടി

കൊച്ചി: വ്യവസായി രവി പിള്ളയുടെ മകൻ്റെ വിവാഹത്തിന് മുന്നോടിയായി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിന് എതിരെ ഹൈക്കോടതി. എന്ത് സാഹചര്യത്തിലാണ് ഭരണസമിതി ഇതിന് അനുമതി നൽകിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ വിശദീകരിക്കണം. തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണം. ക്ഷേത്രത്തിൽ ഒരു വിവാഹ സംഘത്തിനൊപ്പം 12 പേർക്കാണ് അനുമതി.

കൊറോണ പ്രോട്ടോകോൾ പാലിച്ചാണോ വിവാഹങ്ങൾ നടക്കുന്നതെന്ന് അഡ്മിനിസ്ട്രേറ്റർ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. നടപ്പന്തലിലെ കൂറ്റൻ ബോർഡുകളും കട്ടൗട്ടുകളും കോടതി നിർദേശത്തെ തുടർന്ന് നേരത്തെ നീക്കിയിരുന്നു.

എന്നാൽ മറ്റ് അലങ്കാരങ്ങൾ മാറ്റിയിട്ടില്ല. ഇതിൻ്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ കണ്ടതിനെ തുടർന്ന് കോടതി സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം രവി പിള്ള ഗുരുവായൂരപ്പന് സ്വര്‍ണക്കിരീടം സമര്‍പ്പിച്ചിരുന്നു. 725 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കിരീടമാണ് സോപാനപ്പടിയില്‍ സമര്‍പ്പിച്ചത്.

മകന്‍ ഗണേഷിന്റെ വിവാഹത്തിനു മുന്നോടിയായാണ് കിരീട സമര്‍പ്പണം നടത്തിയത്. ഭാര്യ ജീത രവിപിള്ള, മകന്‍ ഗണേഷ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മരതക കല്ല് പിടിപ്പിച്ച കിരീടം മലബാര്‍ ഗോള്‍ഡ് ആണ് നിര്‍മിച്ചത്.

ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ അഡ്വ .കെ ബി മോഹന്‍ദാസ്, ഭരണ സമിതി അംഗങ്ങള്‍ ആയ കെ വി ഷാജി, കെ അജിത്, അഡ്മിനിസ്‌ട്രെറ്റര്‍ ബ്രിജകുമാരി, മുന്‍ ദേവസ്വം ഹെല്‍ത് സൂപ്പര്‍വൈസര്‍ അരവിന്ദന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.